
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി രാവിലെ പതിനൊന്നിന് ഡൽഹിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനു മുന്നിൽ ഹാജരാകും. ഈ സാഹചര്യത്തിൽ പ്രതിഷേധം തടയാൻ രാജ്യതലസ്ഥാനത്ത് സുരക്ഷ കർശനമാക്കിയിരിക്കുകയാണ് പൊലീസ്. കോൺഗ്രസ് ആസ്ഥാനത്തിന് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അക്ബർ റോഡിലേക്കുള്ള എല്ലാ പ്രവേശന കവാടവും അടച്ചു. രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. നേതാക്കളെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ച കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ബസിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശക്തിപ്രകടനമെന്ന നിലയിൽ പാർട്ടി പ്രതിഷേധം ആസൂത്രണം ചെയ്തതിനാൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
#WATCH | Congress workers stage protest holding placards in support of party leader Rahul Gandhi ahead of his appearance before ED today in the National Herald case.
— ANI (@ANI) June 13, 2022
Visuals from outside AICC headquarters, Delhi pic.twitter.com/1ihNUIr3Qn
കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് ഈ മാസം 23ന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ സോണിയയും രാഹുലും ഡയറക്‌ടർമാരായ യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടാണ് ഇ.ഡി അന്വേഷിക്കുന്നത്. യംഗ് ഇന്ത്യയുടെ സി.ഇ.ഒയും മുതിർന്ന നേതാവുമായ മല്ലികാർജ്ജുന ഖാർഗെയെയും എം.ഡി പവൻ ബൻസലിനെയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.