nayanthara-vignesh

തിരുപ്പതി ദര്‍ശനത്തിനിടെ ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ച് കയറിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് നടി നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും. ക്ഷേത്ര അധികൃതർ താരങ്ങൾക്കെതിരെ ലീ​ഗൽ നോട്ടീസ് അയക്കാൻ തീരുമാനിച്ചതിന് പിന്നാലൊണ് ഖേദ പ്രകടനവുമായി ഇവർ എത്തിയിരിക്കുന്നത്.

ക്ഷേത്ര അധികൃതര്‍ക്ക് നല്‍കിയ കത്തിലൂടെയാണ് താരദമ്പതികൾ ക്ഷമാപണം നടത്തിയിരിക്കുന്നത്. തങ്ങള്‍ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ദൈവത്തോട് അനാദരവ് കാണിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കത്തിലൂടെ ഇവർ വ്യക്തമാക്കി. തങ്ങളുടെ പ്രവർത്തി ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നതായും കത്തിലുണ്ട്.

'ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ചുറ്റും ആളുകള്‍ കൂടി. ആ തിരക്കിനിടയില്‍ ചെരുപ്പിന്റെ കാര്യം ശ്രദ്ധിച്ചില്ല. വിവാഹത്തിന് മുന്‍പുള്ള മുപ്പത് ദിവസങ്ങളില്‍ അഞ്ച് പ്രാവശ്യം തിരുപ്പതിയില്‍ എത്തിയിരുന്നു'- കത്തിൽ പറയുന്നു.

വ്യാഴാഴ്ച വിവാഹിതരായ ഇരുവരും വിവാഹ ചടങ്ങുകൾക്ക് ശേഷം തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയത് വലിയ വാ‌ർത്തയായിരുന്നു. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്തദിവസമാണ് ഇവർ തിരുപ്പതി വെങ്കടേശ്വരക്ഷേത്രം സന്ദര്‍ശിച്ചത്. നയന്‍താര ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് ചെരുപ്പിട്ട് നടക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ദർശനത്തിന് എത്തിയപ്പോൾ കൂടെ സ്വന്തം ഫോട്ടോഗ്രാഫർമാരെ കൂടെ കൂട്ടിയതും വിവാദമായിരുന്നു. ക്ഷേത്ര നിയമം അനുസരിച്ച് സ്വകാര്യ ഫോട്ടോഗ്രാഫർമാരെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കാറില്ല.

ക്ഷേത്ര പരിസരത്ത് ചെരിപ്പിട്ട് നടക്കാൻ പാടില്ലെന്ന് തിരുപ്പതി ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർ നരസിംഹ കിഷോർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നടി ചെരുപ്പിട്ട് നടക്കുന്നത് കണ്ടയുടനെ സുരക്ഷാ ജീവനക്കാർ അത് വിലക്കിയിരുന്നുവെന്നും ക്ഷേത്രത്തിനകത്ത് അവർ ചിത്രങ്ങളെടുത്തെന്നും അതും വിലക്കിയെന്നും കിഷോർ വ്യക്തമാക്കിയിരുന്നു. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ക്ഷേത്ര അധികൃതര്‍ നോട്ടീസ്‌ അയക്കാൻ ഒരുങ്ങവെയാണ് താരദമ്പതികൾ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

Nayanthara-Vignesh Shivan during dharshan at Tirupati temple.#NayantharaVigneshShivan #Nayantharawedding #WikkiNayan #VigneshShivanWedsNayanthara #VigneshShivan #Nayanthara @VigneshShivN #Tirupati pic.twitter.com/NZKiOAHS6w

— DT Next (@dt_next) June 10, 2022