shaj-kiran-ibrahim

കൊച്ചി: ഷാജ് കിരണ്‍ ഇന്ന് കേരളത്തില്‍ തിരിച്ചെത്തുമെന്ന് സുഹൃത്ത് ഇബ്രാഹിം. സ്വപ്നയുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ വീണ്ടെടുക്കാൻ ശ്രമം തുടരുകയാണെന്നും ഫോൺ ടെക്നീഷ്യന്മാരുടെ കൈയിലാണെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകനെ കണ്ട് തുടർനടപടിയെടുക്കുമെന്നും ഇബ്രാഹിം കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചന കേസിൽ ഷാജ് കിരണിനെയും പ്രതിചേർക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾ കേരളം വിട്ടത്. എന്നാൽ ഷാജ് കിരണിന് സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇയാളെ പ്രതിയാക്കുന്നത് സംബന്ധിച്ച് നിയമ പരിശോധന നടത്തുകയാണ് അന്വേഷണ സംഘം.

അതേസമയം, സ്വപ്നയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ശബ്ദരേഖയും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും, കിട്ടിയാലുടൻ ഈ ദൃശ്യങ്ങൾ പൊലീസിനും മാദ്ധ്യമങ്ങൾക്കും നൽകുമെന്നും ഇബ്രാഹിം കഴിഞ്ഞ ദിവസം പറ‌ഞ്ഞിരുന്നു. അത് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനാണ് അല്ലാതെ മറ്റൊന്നും നേടാനല്ല. സ്വപ്ന ഒരുക്കിയ കെണിയില്‍ വന്ന് ഞങ്ങള്‍ രണ്ടുപേരും ചാടുകയായിരുന്നു. ദൃശ്യങ്ങള്‍ കണ്ടാല്‍ നിയമത്തിനും പൊതുസമൂഹത്തിനും ഞങ്ങളുടെ നിരപരാധിത്വം മനസിലാകുമെന്നും ഇബ്രാഹിം കൂട്ടിച്ചേർത്തു.