
കുവൈത്ത് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ബി ജെ പി നേതാവ് നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രകടനം നടത്തിയ പ്രവാസികളെ നാട് കടത്തുമെന്ന് കുവൈത്ത്. ഫഹാഹീലിൽ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായ ഈജിപ്റ്റ് പൗരന്മാർ ഉൾപ്പെടെയുള്ളവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവരെ നാട് കടത്താനാണ് തീരുമാനം.
പ്രവാചക നിന്ദയ്ക്കെതിരെ വ്യക്തമായ നിലപാടുള്ള രാജ്യമാണ് കുവൈത്ത്. ഏത് വിഷയത്തിലായാലും കുവൈത്തിലെ നിയമം അനുസരിക്കാൻ രാജ്യത്തെ മുഴുവൻ പേരും ബാദ്ധ്യസ്ഥരാണെന്നും അധികൃതർ വ്യക്തമാക്കി.
കുവൈത്തിൽ പ്രവാസികൾക്ക് സമരങ്ങളോ പ്രകടനങ്ങളോ നടത്താൻ പാടില്ലെന്ന് നിയമമുണ്ട്. നിയമവിരുദ്ധമായി പ്രതിഷേധപ്രകടനം നടത്തുന്നവരെ നാട് കടത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പ്രതിഷേധത്തിന്റെ ഭാഗമായ പ്രവാസികൾക്ക് ഇനിമേൽ രാജ്യത്തേക്ക് പ്രവേശിക്കാനും സാധിക്കില്ല. രാജ്യത്തെ എല്ലാ പ്രവാസികളും കുവൈത്തിലെ നിയമങ്ങൾ മാനിക്കണം. അവർ ഒരു തരത്തിലുള്ള പ്രകടനങ്ങളിലും പങ്കെടുക്കരുതെന്നും ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.