
ഭർത്താവിനൊപ്പം ഇന്നലെ ഉച്ചയ്ക്കാണ് നയൻതാരയും വിക്കിയും കേരളത്തിലെത്തിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇരുവരുടെയും ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഭക്ഷണം കഴിക്കാനായി നയൻതാരയും വിക്കിയും അമ്മയ്ക്കൊപ്പം ഇന്നലെ രാത്രി കൊച്ചി പനമ്പിള്ളി നഗറിലെ മന്ന റസ്റ്റൊറന്റിലെത്തിയിരുന്നു. രാത്രി പതിനൊന്നുമണിയോടെയായിരുന്നു ഇവരെത്തിയത്. നെയ്ച്ചോറ്, പൊറോട്ട, ചിക്കൻ റോസ്റ്റ്, ചിക്കൻ കൊണ്ടാട്ടം, നെയ്പ്പത്തിരി,മടക്ക് ചപ്പാത്തി,കല്ലുമ്മക്കായ നിറച്ചത്,ചിക്കൻ 65,ബീഫ് നാടൻ ഫ്രൈ, നെയ്മീൻ മുളകിട്ടത്, പ്രോൺസ്& നെയ്മീൻ തവ ഫ്രൈ,എന്നീ വിഭവങ്ങളാണ് നയൻതാരയും കുടുംബവും കഴിച്ചത്.
നെയ്ച്ചോറും ചിക്കന്‍കറിയുമാണ് ഇവര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്നും ഇക്കാര്യം നേരിട്ട് അറിയിച്ചിരുന്നെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ഒരു മണിക്കൂറോളം ഹോട്ടലിൽ ചിലവഴിച്ച ശേഷമാണ് ഇവർ മടങ്ങിപ്പോയത്.
ദിവസങ്ങൾക്ക് മുൻപാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ചടങ്ങിൽ നയൻതാരയുടെ മാതാപിതാക്കൾക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ് അനുഗ്രഹം വാങ്ങാനായി വിക്കിയെ കൂട്ടി നയൻതാര എത്തിയത്. ഇരുവരും അഞ്ചുദിവസം കേരളത്തിൽ ഉണ്ടാകും.