
ചുരുക്കം ചില ചിത്രങ്ങൾ കൊണ്ടുതന്നെ പ്രതീക്ഷയുള്ള സംവിധായകനായി മാറിയിരിക്കുകയാണ് ലോകേഷ് കനകരാജ്. മാനഗരം, കെെതി, മാസ്റ്റർ, വിക്രം എന്നീ സംവിധാനം ചെയ്‌ത നാല് ചിത്രങ്ങളും വിജയിപ്പിക്കാൻ ലോകേഷിനായി.
കൊവിഡ് സമയത്ത് റിലീസ് ചെയ്‌ത മാസ്റ്റർ സൂപ്പർ ഹിറ്റായതിന് പിന്നാലെ വിജയ്‌യും ലോകേഷും ഒന്നിക്കുന്ന മറ്റൊരു ചിത്രം പ്രഖ്യാപിച്ചിരുന്നു. 'ദളപതി 67' സംവിധാനം ചെയ്യുന്നത് ലോകേഷായിരുക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ചിത്രത്തെക്കുറിച്ച് വരുന്ന അഭ്യൂഹങ്ങളൊക്കെ ആരാധകരെ ത്രില്ലടിപ്പിക്കുന്നതാണ്.
വിജയ്‌യുടെ വില്ലനായി ധനുഷ് എത്തുമെന്നാണ് പുറത്തുവരുന്ന അപ്‌ഡേറ്റുകൾ വ്യക്തമാക്കുന്നത്. വില്ലനായി സഞ്ജയ് ദത്ത് എത്തുമെന്നായിരിന്നു ആദ്യം പുറത്തുവന്ന വിവരങ്ങൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇനി ചിത്രത്തിൽ വിജയ് വില്ലൻ വേഷത്തിലെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. വിജയ്ക്ക് നെഗറ്റീവ് വേഷങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ലോകേഷ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയതോടെയാണ് ആരാധകർ ഇതെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചത്.
ബീസ്റ്റാണ് വിജയ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം. എന്നാൽ നെല്‍സണ്‍ സംവിധാനം ചെയ്‌ത ചിത്രത്തിന് ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല.