rahul-gandhi

ന്യൂഡൽഹി: ഇ ഡിക്ക് മുന്നിൽ ഹാജരാകാനായി രാഹുൽ ഗാന്ധി വീട്ടിൽ നിന്ന് പുറപ്പെട്ടു.നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലുള്ള ചോദ്യം ചെയ്യലിനായാണ് രാഹുൽ ഇ ഡി ഓഫീസിൽ ഹാജരാകുന്നത്. രാഹുൽ ഗാന്ധിയുടെ വസതിയിൽ നിന്ന് എഐസിസി ആസ്ഥാനത്തേക്കാണ് ആദ്യം പോയത്. അവിടെ പ്രിയങ്കാ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി എത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു. എന്നാൽ പൊലീസിന്റെ വിലക്ക് ലംഘിച്ച് പ്രവർത്തകർ ഒപ്പം എത്തിയിരിക്കുകയാണ്. ഇവർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുകയാണ്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, പ്രവർത്തകർ പ്രതിഷേധിക്കുന്നത് തടയാൻ ഇ ഡി ഓഫീസ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഈ വിലക്കുകളെല്ലാം ലംഘിച്ച് രാഹുൽ ഗാന്ധിക്കൊപ്പം പ്രവർത്തകരും ഇഡി ഓഫീസിലേക്ക് നടക്കുകയാണ്. കെ സി വേണുഗോപാൽ, പി ചിദംബരം എന്നീ നേതാക്കളും രാഹുലിനൊപ്പമുണ്ട്. സ്ഥലത്ത് വലിയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇവരിൽ പലരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയാണ്. പ്രവർത്തകരെ കൊണ്ടുപോകുന്നതിനായി സ്ഥലത്തേക്ക് കൂടുതൽ ബസുകളും ഡൽഹി പൊലീസ് എത്തിക്കുന്നുണ്ട്.