
ന്യൂഡൽഹി: രാജ്യത്തും വിദേശത്തും ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയ ബിജെപി മുൻ ദേശീയ വക്താവിന്റെ പ്രവാചക വിരുദ്ധ പരാമർശങ്ങൾ ഉയർത്തിയ വിവാദങ്ങൾ നിലനിൽക്കെ നുപൂർ ശർമയ്ക്ക് പിന്തുണയുമായി മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ.
മാപ്പ് പറഞ്ഞ ഒരു സ്ത്രീക്കെതിരെ രാജ്യത്തുടനീളം വിദ്വേഷവും വധഭീഷണിയും ഉയരുമ്പോഴും 'മതേതര പുരോഗമനവാദികൾ' എന്ന് വിളിക്കപ്പെടുന്നവർ തുടരുന്ന നിശബ്ദത കാതടപ്പിക്കുന്നതാണ് എന്നാണ് ഗൗതം ഗംഭീർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. അസഹിഷ്ണുത നമുക്ക് സഹിക്കാമെന്ന ഹാഷ്‌ടാഗോടെയാണ് എംപി ട്വിറ്ററിൽ കുറിച്ചത്.
Silence of so called ‘secular liberals’ on the sickening display of hatred & death threats throughout the country against a woman who has apologised is surely DEAFENING! #LetsTolerateIntolerance
— Gautam Gambhir (@GautamGambhir) June 12, 2022
ബിജെപി നേതാക്കൾ നടത്തിയ പ്രവാചകവിരുദ്ധ പരാമർശങ്ങൾ പതിനഞ്ചോളം വിദേശരാജ്യങ്ങളിലും രാജ്യത്തിനകത്തും വലിയ രീതിയിൽ പ്രതിഷേധങ്ങൾ ഉയർത്തി. പിന്നാലെ നുപൂറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ഡൽഹി യൂണിറ്റ് മാദ്ധ്യമ മേധാവിയായ നവീൻ ജിൻഡാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഒരു ടെലിവിഷൻ ചർച്ചയിലാണ് പ്രവാചകനെ നിന്ദിക്കുന്ന പരാമർശങ്ങൾ നുപൂർ നടത്തിയത്. വിവാദങ്ങൾ ശക്തമായതോടെ ബിജെപി നേതാക്കളുടെ പരാമർശം വ്യക്തിപരമാണെന്നും രാജ്യത്തിന്റെ കാഴ്ചപ്പാടല്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്നതായുള്ള പ്രത്യയശാസ്ത്രത്തിനെതിരെയാണ് ബിജെപി എന്നും അത്തരം ആളുകളെയോ തത്ത്വചിന്തയെയോ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പാർട്ടി അറിയിച്ചു.
എന്നാൽ മുതിർന്ന നേതാവ് കപിൽ മിശ്ര, സാദ്‌വി പ്രഗ്യ എംപി എന്നിവരടക്കം നിരവധി ബിജെപി നേതാക്കൾ നുപൂർ ശർമയ്ക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു. ബോളിവുഡ് താരം കങ്കണ റോണത്തും നുപൂർ ശർമയ്ക്ക് പിന്തുണയറിയിച്ചു.