chennithala

തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിഹസിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പണ്ട് രാഹുകാലം നോക്കിയായിരുന്നു ആളുകൾ പുറത്തിറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ സമയം നോക്കിയാണ് പുറത്തേക്കിറങ്ങുന്നത് എന്നുപറഞ്ഞ ചെന്നിത്തല ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ പിണറായി യാത്ര ഒഴിവാക്കണമെന്നും പേടിത്തൊണ്ടനായ അദ്ദേഹത്തെ ഹൊറര്‍ സിനിമ കാണിക്കണം എന്നും അഭിപ്രായപ്പെട്ടു.

'ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മുഖ്യമന്ത്രിക്ക് ഒരു പ്രശ്നമേ അല്ല. അദ്ദേഹത്തിന് സുരക്ഷ കൊടുക്കേണ്ട എന്നല്ല പറയുന്നത്. ഇപ്പോഴത്തെപ്പോലെ ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ ഉണ്ടാവരുത്. ഞാൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സ്വർണക്കടത്ത് കേസിലെ സൂത്രധാരൻ മുഖ്യമന്ത്രി തന്നെയാണ്. അതുകൊണ്ടാണ് സി പി എമ്മിനും സർക്കാരിനും ഇത്രയ്ക്ക് വെപ്രാളം'- ചെന്നിത്തല പറഞ്ഞു.

കേന്ദ്ര ഏജൻസികളെയും അദ്ദേഹം വിമർശിച്ചു. 'കേന്ദ്ര ഏജൻസികൾ കള്ളക്കളി കളിക്കുകയാണ്. അവർ ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി സെൻട്രൽ ജയിലിൽ ആകുമായിരുന്നു. എന്തുകൊണ്ടാണ് ഷാജ് കിരണിനെ അറസ്റ്റ് ചെയ്യാത്തത് ? രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ പ്രതികളാണ്. അതിൽ ഒരാളെ മാറ്റി. മറ്റേ ആളെ മാറ്റാത്തത് എന്തുകൊണ്ടാണ്. സ്വർണക്കടത്തിൽ ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള അന്വേഷണം വേണം.കെ.ടി ജലീൽ വിശുദ്ധനാണ്. അദ്ദേഹത്തെ കുറിച്ച് ആരും ഒന്നും പറയരുത് എന്നാണ്.അദ്ദേഹത്തിന് ആരെ കുറിച്ചും എന്തും പറയാം - രമേശ് പരിഹസിച്ചു.