
ബറേലി: ബില്ലടയ്ക്കാൻ താമസിക്കുമ്പോൾ ഫ്യൂസ് ഊരാൻ ലെെൻമാൻ എത്താറുണ്ട്. എന്നാൽ പ്രതികാരം തീർക്കാനായി ഒരു ലെെൻമാൻ പൊലീസ് സ്റ്റേഷന്റെ ഫ്യൂസൂരിയത് കേട്ട് അന്തംവിട്ടിരിക്കുകയാണ് നാട്ടുകാർ. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം.
ബറേലിയിൽ നിന്നുള്ള ലൈൻമാൻ ഭഗവാൻ സ്വരൂപാണ് പൊലീസിനെ കുഴച്ചത്. രേഖകൾ കൈവശമില്ലാത്തതിന്റെ പേരിൽ ബൈക്ക് യാത്രക്കാരനായ ഇയാളിൽ നിന്ന് നിയമപരമായി പൊലീസ് പിഴ ഈടാക്കി. ഇതിന്റെ പ്രതികാരമായിട്ടാണ് പൊലീസ് സ്റ്റേഷനിലെ ഫ്യൂസ് സ്വരൂപ് ഊരിയത്.
ചെക്ക്പോസ്റ്റിൽ വെച്ച് ഇയാളുടെ ബൈക്ക് തടഞ്ഞ പൊലീസ് രജിസ്ട്രേഷൻ പേപ്പറുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. തന്റെ പക്കൽ രേഖകൾ ഇല്ലായിരുന്നുവെന്നും എന്നാൽ തന്റെ താമസസ്ഥലത്ത് ചെന്ന് പേപ്പറുകൾ എടുത്തുകൊണ്ട് വരാമെന്ന് സ്വരൂപ് പറഞ്ഞു. എന്നാൽ പൊലീസ് ഇത് ഗൗനിച്ചില്ല. 500 രൂപ ഫെെൻ സ്വരൂപിന് ചുമത്തുകയും ചെയ്‌തു. പിന്നാലെയാണ് സഹപ്രവർത്തകരുമായി ചേർന്ന് ലെെൻമാൻ സ്റ്റേഷനിലെ വെെദ്യുതി വിച്ഛേദിച്ചത്.
പൊലീസ് സ്റ്റേഷനിലെ വൈദ്യുതി വിതരണത്തിന് മീറ്റർ ഇല്ലെന്നും അതിനാൽ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും സ്വരൂപ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ഉത്തർപ്രദേശിൽ ഇതിന് മുൻപും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴയടപ്പിച്ചതിനെ തുടർന്ന് വൈദ്യുതി വകുപ്പ് ജീവനക്കാർ പൊലീസ് സ്റ്റേഷൻ വളപ്പിലെത്തി അനധികൃത കണക്ഷനുകൾ വിച്ഛേദിച്ചിരുന്നു.
A lineman of the #electricity department cut off power supply to Hardaspur police station in #Bareilly after an inspector issued a challan for the lineman's bike.@bareillypolice pic.twitter.com/qsaDtln5if
— IANS (@ians_india) June 12, 2022