protest

തിരുവനന്തപുരം: പ്രതിഷേധങ്ങൾ അക്രമങ്ങളിലേക്ക് എത്താൻ സാദ്ധ്യത ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെപ്പോലും വകവയ്ക്കാതെയാണ് മുഖ്യമന്ത്രി സംസ്ഥാനത്തൊട്ടാകെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ച് പൊതുപരിപാടികൾ വെട്ടിച്ചുരുക്കിയാൽ അത് പ്രതിപക്ഷത്തിന് തോറ്റുകൊ‌ടുക്കുന്നതിന് തുല്യമാകുമെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രിക്കുള്ളത്. ഇത് ഒഴിവാക്കാനാണ് പരമാവധി പൊതുപരിപാടികളിൽ പങ്കെടുക്കാൻ അദ്ദേഹം തീരുമാനിച്ചത്. കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ കഴിഞ്ഞദിവസങ്ങളിൽ മുഖ്യമന്ത്രിയെത്തി. ഇന്ന് കണ്ണൂരിലാണ് പരിപാടി. വഴിനീളെ കരിങ്കൊടി കാണിക്കലും മുദ്രാവാക്യം വിളികളും ഉണ്ടായെങ്കിലും മുഖ്യമന്ത്രിയെ തടാൻ പ്രതിഷേധക്കാർക്ക് കഴിഞ്ഞില്ല. പ്രതിഷേധക്കാരെ സി പി എം പ്രവർത്തകർ നേരിടുന്ന കാഴ്ചയും ഇന്ന് കണ്ണൂരിൽ കണ്ടു. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തെ ജനങ്ങളെ അണിനിരത്തി തടയുമെന്ന് നേരത്തേ സി പി എം സൂചിപ്പിച്ചിരുന്നു. അതാണ് പാർട്ടി കോട്ടയായ കണ്ണൂരിൽ ഇന്ന് കണ്ടതെന്ന് ചില കോണുകളിൽനിന്ന് പരിഹാസം ഉയർന്നിട്ടുണ്ട്.

പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചതോടെ ശരിക്കും വെട്ടിലായത് പൊലീസാണ്. പ്രതിഷേധം പരമാവധി ശക്തമാക്കാൻ പ്രതിപക്ഷം ശ്രമിക്കുമ്പോൾ മുഖ്യമന്ത്രിക്ക് സുരക്ഷിത യാത്ര ഒരുക്കുക എന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഒരുതരത്തിലും വീഴ്ചയുണ്ടാകരുതെന്ന് സംസ്ഥാന പൊലീസ് മേധാവി അതത് ജില്ലാ പൊലീസ് മേധാവികൾക്ക് കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഇതേത്തുടർന്നാണ് കറുത്ത മാസ്കുമായി വരുന്നവരെപ്പോലും തടയാൻ തയ്യാറായാത്.

സ്ഥിരം സുരക്ഷാ ഗാർഡുകൾക്ക് പുറമേ കൂടുതൽ കമാൻഡാേകളെയും അധിക സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്. ഇത് രണ്ടും കൂടാതെയാണ് കൂടുതൽ പൊലീസുകാരെയും രംഗത്തിറക്കിയിരിക്കുന്നത്. ഇപ്പോൾ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുചടങ്ങുകൾ കൂടുതൽ ആൾക്കാർ എത്താത്ത ചടങ്ങായത് പൊലീസിന് നൽകുന്ന ആശ്വാസം ചെറുതല്ല. എല്ലാം തന്നെ വളരെ നേരത്തേ നിശ്ചയിച്ചതാണ്. അതിനാൽ തന്നെ സംഘാടകർക്ക് തന്നെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ കഴിയുന്നുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് സംഘാടകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. കഴിഞ്ഞദിവസം മുഖ്യമന്ത്രി പങ്കെടുത്ത ചില ചടങ്ങുകളിൽ കറുത്ത വസ്ത്രവും മാസ്കും ഒഴിവാക്കണമെന്ന് സംഘാടകർ നിർദ്ദേശിച്ചത് ഇതിനെത്തുടർന്നാണ്. ആദ്യ ദിവസത്തെ ചടങ്ങുകളിൽ റോഡ് അടയ്ക്കുന്നതടക്കമുള്ള കർശന നിയന്ത്രണങ്ങൾ പൊലീസ് ഏർപ്പെടുത്തിയത് പൊതുജനങ്ങൾക്കിടയിൽ കടുത്ത എതിർപ്പിനും വിമർശനത്തിനും ഇടയാക്കിയിരുന്നു. ഇതേത്തുടർന്ന് നിയന്ത്രണങ്ങൾക്ക് ഇളവുവരുത്തിയിരുന്നു.