she

എഴുത്തുകാരൻ വി ആ‍ർ സുധീഷിനെ പേരെടുത്ത് വിമർശിച്ച് പ്രസാധക എം എ ഷഹനാസ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രമുഖ എഴുത്തുകാരനിൽ നിന്നും താൻ നേരിട്ട ദുരനുഭവത്തെ കുറിച്ച് അവർ ഫേസ്ബുക്കിലൂടെ തുറന്നു പറഞ്ഞത്. അന്ന് പേര് ഉടൻ വെളിപ്പെടുത്തമെന്ന് വ്യക്തമാക്കിയായിരുന്നു കുറിപ്പ് അവസാനിപ്പിച്ചത്.

പിന്നാലെ പൊതുസമൂഹത്തിൽ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാട്ടി ഷഹനാസ് എഴുത്തുകാരനെതിരെ പൊലീസിൽ പരാതിയും നൽകിയിരുന്നു. കേസ് എടുത്തതിന് പിന്നാലെയാണ് ഇപ്പോൾ ഫേസ്‌ബുക്കിലൂടെ കൂടുതൽ വെളിപ്പെടുത്തലുകൾ അവർ നടത്തിയിരിക്കുന്നത്.

പതിനായിരത്തിയെട്ട് കാമുകിമാരിൽ ഒരാളാകാൻ വിസമ്മതിച്ചതു കൊണ്ടും വീട്ടിലേക്ക് ക്ഷണിച്ചിട്ട് ഒറ്റയ്‌ക്ക് ചെല്ലാത്തതുകൊണ്ടുമാണ് തന്നോട് എഴുത്തുകാരന് പകയുള്ളതെന്നും സ്വന്തം വിദ്യാർത്ഥികളെ പോലും മലിനപ്പെടുത്തിയ ആളാണ് വി ആർ സുധീഷെന്നും അവർ കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം...

വീണ്ടും വീണ്ടും പറയിപ്പിക്കല്ലേ എന്ന് എത്ര പ്രാവിശ്യം പറഞ്ഞു ചാപ്പാ... ഷഹനാസിന്റെ തുറന്ന് പറച്ചിലിൽ ഞങ്ങൾ അങ്ങ് ഞെട്ടിത്തരിച്ചു പോയി എന്നൊക്കെ പറഞ്ഞു വലിയ ഒരു അത്ഭുതം എന്റെ ഈ പറച്ചിൽ കൊണ്ട് ഉണ്ടാക്കി കളയാം എന്ന ചിന്ത ഒന്നും എനിക്ക് പണ്ടേയില്ല....ഇതൊന്നും ഒട്ടും പുതുമ ഉള്ളതല്ല കാരണം ഇതൊക്കെ അടക്കമാണ് അദ്ദേഹം ആഘോഷിക്കപ്പെടുന്നത്, അദ്ദേഹത്തിന്റെ സൗഹൃദങ്ങൾ സംരക്ഷിക്കുന്നത്.

ഒരു അദ്ധ്യാപകന് സ്വന്തം മുന്നിൽ ഇരിക്കുന്ന വിദ്യാർത്ഥി സ്വന്തം കുഞ്ഞിനെ പോലെ തോന്നണം അതല്ല എങ്കിൽ പോയി ചാവണം ....സ്വന്തം വിദ്യാർത്ഥികളെ പോലും മലിനപ്പെടുത്തിയ ഇയാൾ സാമൂഹിക നാശമാണ്.....

വളരെ സാധാരണക്കാരിയായ ജനിച്ചു. ജീവിക്കാൻ വേണ്ടി പ്രവാസി ആയ ഒരു ഉമ്മ വളർത്തിയ മകൾ ആണ് ഞാൻ... ഒരു പെണ്ണ് വളർത്തിയ മകൾ. എന്റെ ജീവിതത്തിൽ ഞാനിപ്പോൾ അനുഭവിക്കുന്നത് ബോണസ്സ് ആയിട്ട് മാത്രമേ എനിക്ക് തോന്നുന്നുള്ളൂ...അതുകൊണ്ട് തന്നെ ഇപ്പോൾ അനുഭവിക്കുന്നത് ഒക്കെ പുത്തരിയും അല്ല...നഷ്ടപെടലുകളും ......

പിന്നെ ആദ്യമാണ് ഇങ്ങനെ ഒരു കേസും പൊലീസ് സ്റ്റേഷനും മൊഴി എടുക്കലും ഒക്കെ ....എല്ലാം തനിച്ചാണ് ചെയ്തത് എന്തെല്ലാം ഈ ലോകത്ത് സംഭവിക്കുന്നു എന്ന് ഒറ്റയ്ക്ക് നേരിട്ട് തന്നെ പഠിക്കണം. പുറത്ത് പറയാൻ പറ്റാത്തവരുടെ അവസ്ഥ ഞാൻ മനസിലാക്കുന്നു. നിങ്ങൾക്ക് കൂടി വേണ്ടിയാണ് ഞാൻ.... അദ്ദേഹത്തിന്റെ ശത്രു എന്നത് ഈ സമൂഹത്തിൽ ഒരു പ്രിവിലേജ് ആണ് എന്നത് ഞാൻ ആഘോഷിക്കുന്നു. തെറ്റിന്റെ ഒരു കണിക എങ്കിലും എന്നിൽ ഉണ്ടെങ്കിൽ ഈ പോരാട്ടത്തിന് മുന്നിലേക്കിറങ്ങാൻ മാത്രം വിഡ്ഢിയല്ല ഞാൻ ...

ഒരു എഴുത്തുകാരൻ വീട്ടിലേക്ക് വിളിക്കുമ്പോൾ അദ്ദേഹം വിഭാര്യൻ ആണെന്നും ഒരു ജോലിക്കാരി മാത്രമാണ് അവിടെ ഉള്ളത് എന്നും ആർക്കുമറിയില്ല. ആ വീട്ടിൽ മക്കളും ഭാര്യയും ഒക്കെയായി ഒരുപാട് ആളുകൾ ഉണ്ടെന്ന് ഓരോ പാവങ്ങളും വിചാരിക്കും. അതും ചൂഷണം ചെയ്യപ്പെടുകയാണ്.

പ്രണയത്തിൽ ഉന്മാദിയായ കാമുകി പിന്നീട് അദ്ദേഹത്തിന്റെ കഥയിലെ കഥാപത്രമായി മാറുന്നത് സ്വഭാവികം. എന്നാൽ കാമുകിയുടെ ശരീരത്തിലെ വള്ളിപുള്ളികൾ ആ കഥകളിൽ കലഹിക്കുന്നത് മനുഷ്യരോടാണ്..

എന്റെ കുറച്ചു ചോദ്യങ്ങൾ ഇതൊക്കെയാണ്:-

1 എന്റെ സ്ഥാപനത്തിലെ ജോലിക്കാരിയെ ഞാൻ പിരിച്ചു വിടുന്നത് എങ്ങനെ വി ആർ സുധീഷ് എന്ന എഴുത്തുകാരന്റെ പ്രശ്നമാകും ? എന്തിന് എന്നെ അതിന്റെ പേരിൽ ഭീഷണിപെടുത്തണം ?

2 എന്റെ സ്ഥാപനത്തിലെ ജോലിക്കാരിയെ ഞാൻ പിരിച്ചുവിട്ടത് കൊണ്ട് ഞാൻ എന്തിനു വി ആർ സുധീഷിന്റെ ജോലിക്കാരിക്ക് വേറെ എവിടെയെങ്കിലും ജോലി തയ്യാറാക്കി കൊടുക്കണം ?

3 എന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ ഞാൻ പറഞ്ഞു വിട്ടതിന്,വി ആർ സുധീഷ് എന്ന എഴുത്തുകാരൻ അദ്ദേഹത്തിന്റെ ജോലിക്കാരിയെ പുറത്താക്കി എന്നും പറഞ്ഞു അവർ എന്തിനു നിരന്തരം എന്നെ വിളിച്ചു കരയുന്നത് എന്തിന് ആണ് ?

4 എന്റെ സ്ഥാപനത്തിൽ ഞാൻ ജോലി കൊടുത്ത പെൺകുട്ടിയെ ഞാൻ നവംബർ അവസാനം പിരിച്ചു വിട്ടിട്ടും 2022 ജൂൺ വരെ എന്തിന് വി ആർ സുധീഷ് എന്നെ വേട്ടയാടുന്നു?

5 വി ആർ സുധീഷ് എന്ന എഴുത്തുകാരൻ നിരന്തരം അദ്ദേഹത്തിന്റെ വീട്ടിൽ ഒറ്റയ്ക്ക് വരാൻ പറയുകയും അദ്ദേഹത്തിന്റെ കാമുകിമാരില്‍ ഒരാളാവാൻ പറയുകയും ചെയ്തു നിരന്തരം എന്നെ ബുദ്ധിമുട്ടിച്ചതിന്റെ തെളിവിന്റെ അടിസ്ഥാനത്തിലും മറ്റു പല ദുരുദ്ദേശങ്ങൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലും,പിന്നെ എന്റെ ജോലിക്കാരിയെ ഞാൻ പിരിച്ചു വിട്ടപ്പോൾ അതിന്റെ ഭാഗമായും എന്നെ മാനസികമായും ജോലിയുടെ ഭാഗമായും ഒക്കെ അദ്ദേഹം എന്തിന് എന്നെ ഭയപ്പെടുത്തി കൊണ്ടേ ഇരിക്കണം ?

6 അദ്ദേഹത്തിന്റെ കൂടെ കിടന്നിട്ടല്ല അദ്ദേഹം എനിക്ക് പുസ്തകം തന്നത്. എന്നാൽ അതിന് എന്നെ നിരന്തരം പ്രേരിപ്പിക്കാം എന്ന് വിചാരിച്ചു തന്നെയാണ് എന്ന് പൂർണമായി മനസ്സിലായപ്പോൾ എനിക്ക് ജീവിക്കാൻ വേണ്ടിയാണ് നിയമനടപടികൾക്ക് ഒരുങ്ങിയത് ....

7 നിരന്തരം അദ്ദേഹവും അദ്ദേഹത്തിന്റെ. ജോലിക്കാരിയും എന്നെ അവരുടെ വീട്ടിലേക്ക് ഒറ്റയ്ക്ക് വിളിക്കുന്നു...എന്തിനു ?

8 നിരന്തരമായ്‌ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെ ഒറ്റയ്ക്ക് വിളിച്ചു. ഒന്നോ അതിലധികമോ ആളുകൾ ഇല്ലാതെ ഞാൻ അവിടെ പോയിട്ടില്ല . ഞാൻ എന്റെ സഹപ്രവർത്തകരുമായി പോയി, 'ഉമ്മ' എന്നും വീട്ടിൽ വന്നാൽ ഉമ്മ വയ്‌ക്കും എന്നും അയാളുടെ പതിനായിരത്തിയെട്ട് കാമുകിമാരില്‍ ഒരാൾ ആവാൻ പറഞ്ഞപ്പോൾ അതിനും തയ്യാറാവത്തത് കൊണ്ടാണോ?

9 എന്റെ സ്ഥാപനത്തിൽ ഒരാളെ നിയമിക്കാനും പിരിച്ചുവിടാനും ഉള്ള അധികാരം എന്നിൽ നിക്ഷിപ്തമാണ്. എന്നിരിക്കെ എന്റെ സ്ഥാപനത്തിൽ നിന്നും ഞാൻ ആരെയെങ്കിലും പിരിച്ചു വിട്ടതിന്റെ പേരിൽ എന്നെയും എന്റെ സ്ഥാപനത്തെയും തകർക്കാനുള്ള വി ആർ സുധീഷിന്റെ ശ്രമം എന്തിന് വേണ്ടി ഉള്ളതാണ് ?

കേസ് കൊടുത്തതിന് ശേഷവും കേസ് പിൻവലിക്കണം എന്ന് ആവിശ്യപ്പെട്ടു മറ്റ് പലരെ കൊണ്ടും വിളിപ്പിച്ചു മെസ്സേജ് അയപ്പിച്ചും എന്നെ ഭീഷണിപെടുത്തുവാനും ജോലിക്കാരിയെ കൊണ്ട് ആത്മഹത്യ ഭീഷണി മുഴക്കിക്കുകയും ചെയ്യുന്നത് എന്തിനു വേണ്ടിയാണ് എന്ന് കൃത്യമായ ഉത്തരങ്ങൾ ഉണ്ടാവേണ്ടതുണ്ട്......

ആദ്യമായി അല്ല ഞാൻ ഇതിനെ കുറിച്ച് പ്രതികരിക്കുന്നത്. അദ്ദേഹത്തിന്റെ വീട്ടിൽ പോകേണ്ടി വരുന്ന അപകടത്തെ പറ്റി എന്റെ ചുറ്റുമുള്ളവരോട് ഞാൻ നിരന്തരം പറഞ്ഞിട്ടുണ്ട്... അല്ലാതെ ആര് സ്വമേധേയാ പോയി അവതാരിക എഴുതിയാലും കഥകൾ പ്രസിദ്ധീകരിപ്പിക്കാൻ ശ്രമിച്ചാലും അവാർഡ് വാങ്ങിയാലും ആ ബുദ്ധിയിലും സ്വഭാവത്തിലും ഒരു കുഞ്ഞിനെ ഉണ്ടാക്കി എടുത്ത് സാംസ്കാരിക കേരളത്തിന് സംഭാവന നൽകിയാലും അതൊന്നും എന്റെ വിഷയമല്ല...

പ്രസാധക എന്ന നിലയിൽ മാന്യമായി പുസ്തകം അടിക്കാനും വിൽക്കാനും മാത്രമേ താല്പര്യമുള്ളു.. എല്ലാ വർഷവും കൃത്യമായി റോയൽറ്റി കൊടുത്തും ഒക്കെ തന്നെ ആണ് പോവാൻ ആഗ്രഹിക്കുന്നത്. അതിനു സപ്പോർട്ട് ചെയ്തു നിൽക്കുന്ന ഒരുപാട് എഴുത്തുകാർ ഉണ്ട് അവരെ കൂടെ മലിനപ്പെടുത്തരുത്...

ഈ കാരണം കൊണ്ട് എന്റെ nude ഫോട്ടോ വരും, എന്നെ വേദികളിൽ ബഹിഷ്കരിക്കും, പുസ്തകം തരില്ല എന്നൊക്കെ ഉള്ള ഭീഷണി അങ്ങ് വാങ്ങി വച്ചാൽ മതി, അതൊക്കെ പണ്ട്. എന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കില്ല എന്നൊക്കെ ഉള്ള എഴുത്തുകാർ അദ്ദേഹത്തിനെ സപ്പോർട്ട് ചെയ്തു പറയുന്നവർ ഉണ്ടെങ്കിൽ ആ കോക്കസിലും അതിജീവിച്ചു മുന്നോട്ട് വരാൻ തന്നെ ആണ് താല്പര്യം..

ഈ യുദ്ധമുഖത്ത് ഞാൻ അനുഭവിക്കുന്ന ദയനീയത ഞാൻ പ്രതീക്ഷിച്ചത് തന്നെയാണ് ചാപ്പ.......മുതിർന്ന സ്ത്രീകൾ അടക്കമുള്ളവർ ആനുകൂല്യങ്ങൾ പറ്റിയവർ ഒക്കെ എന്നെ പഴിപറയും. എന്നാൽ തന്റേടമുള്ള ഉള്ള സ്ത്രീകൾ നിങ്ങളെക്കാൾ കൂടുതൽ പേര് എനിക്കൊപ്പം ഉണ്ട്. മറ്റൊന്ന് ഇതൊക്കെ ആണ് വി ആർ സുധീഷ് എന്ന് ആർക്കുമറിയാം,

സാംസ്കാരിക കേരളം അത് ആഘോഷിക്കുന്നു,പല അവാർഡ് കമ്മിറ്റിയിലും ജൂറി ആകുന്നു,പല അധികാരങ്ങൾ ലഭിക്കുന്നു അതൊക്കെ ചൂഷണം ചെയ്യാനുള്ള വെടിമരുന്ന് ആയും ഉപയോഗിക്കുന്നു....

എനിക്ക് ഇതിൽ നീതി ഇല്ലയെങ്കിലും ഒരാള് പോലും ഇനി സ്വമേധയാ അല്ലാതെ ആ പ്രപഞ്ചത്തിന്റെ മൂലയിൽ ഇരിക്കേണ്ടി വരരുത്...ഓൺലൈൻ ഇടങ്ങൾ അദ്ദേഹത്തിന്റെ മസാലയും മദ്യവും കലർന്ന കഥകൾ പറച്ചിലുകൾ ആഘോഷിക്കുമ്പോൾ എനിക്കുറപ്പുണ്ട് ആ പ്രപഞ്ചത്തിന്റെ ഓരോ രുചി കൂട്ടിനും പറയാൻ ഉണ്ടാകും ഇതിനേക്കാൾ മസാല...

എം എ ഷഹനാസ്