
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വളഞ്ഞിട്ട് ആക്രമിക്കാൻ നോക്കേണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വളഞ്ഞിട്ട് അടിച്ചാൽ അടികൊള്ളുന്നയാളല്ല മുഖ്യമന്ത്രി, ഇടതുമുന്നണി അത് അനുവദിക്കുകയുമില്ലെന്ന് റിയാസ് പ്രതികരിച്ചു.
ഭരണത്തെ അസ്ഥിരമാക്കാൻ അനുവദിക്കില്ലെന്നും സമരം കലാപമാക്കരുതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഡൽഹിയിൽ ഗോബാക്കും ഇവിടെ സിന്ദാബാദും വിളിക്കുന്നത് നിർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരിൽ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി താമസിച്ച കണ്ണൂർ ഗസ്റ്റ് ഹൗസിന് മുന്നിൽ രാവിലെ ഒമ്പതരയോടെയാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം തുടങ്ങിയത്. പത്തരയോടെ തളിപ്പറമ്പിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി.