
ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി രാഹുൽ ഗാന്ധി ഡൽഹിയിലെ ഇഡി ഓഫീസിലെത്തി. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. പ്രകടനവുമായി അണികളും നേതാക്കളും ഇഡി ഓഫിസിനു മുന്നിലെത്തിയിട്ടുണ്ട്. കാല്‍നടയായാണ് രാഹുല്‍ എത്തിയത്. ഒപ്പമെത്തിയ പ്രവര്‍ത്തകരെയും നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ അഭിഭാഷകരെയും ഇ ഡി ഓഫീസിലേക്ക് കടത്തിവിട്ടില്ല. കസ്റ്റഡിയിലെടുത്ത നേതാക്കളെ തുഗ്ലക്ക് റോഡ് സ്‌റ്റേഷനിലേക്കു മാറ്റി.
പ്രതിഷേധത്തിനിടെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ കുഴഞ്ഞുവീണു. മുതിർന്ന കോൺഗ്രസ് നേതാക്കളെ ഉൾപ്പെടെ പൊലീസ് ക്രൂരമായി കൈകാര്യം ചെയ്തുവെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. പൊലീസിന്റേത് കരുതിക്കൂട്ടിയുള്ള ബലപ്രയോഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കെ സി വേണുഗോപാൽ കൊവിഡ് നെഗറ്റീവായത്.

അതേസമയം, രാഹുൽ ഗാന്ധി ഇ ഡിക്ക് മുമ്പിൽ ഹാജരാകുന്നതിന് മുന്നോടിയായി പ്രവർത്തകർ പ്രതിഷേധിക്കുന്നത് തടയാൻ സ്ഥലത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, എംപിമാർ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ രാഹുലിനെ അനുഗമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ക്രമസമാധാനം ചൂണ്ടിക്കാട്ടി പൊലീസ് ഇത് വിലക്കിയിരുന്നു. രാജ്യത്തെ എല്ലാ ഇ ഡി ഓഫീസുകൾക്ക് മുന്നിലും സത്യാഗ്രഹ സമരം നടത്തുമെന്നാണ് കോൺഗ്രസ് അറിയിച്ചത്.