
കൊച്ചി: ഷാജ് കിരണിനെതിരെ ഗുരുതര ആരോപണങ്ങളുമായി എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ. വിദേശത്തുനിന്ന് ഫണ്ട് എത്തിക്കാൻ ഷാജ് കിരൺ സഹായം തേടിയിട്ടുണ്ടായിരുന്നെന്ന് അദ്ദേഹം പ്രതികരിച്ചു.
ബിലീവേഴ്സ് ചർച്ചിന്റെ കോടികളുടെ വിദേശ ഫണ്ട് വിനിയോഗം സംബന്ധിച്ച ചർച്ചകൾക്കായി ഷാജ് കിരൺ ഒന്നരമാസം മുമ്പ് പാലക്കാട് ഓഫീസിലെത്തിയിരുന്നുവെന്നും അജി കൃഷ്ണൻ വ്യക്തമാക്കി. സ്വപ്നയെ ജോലിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭീഷണി വന്നിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
ജീവനക്കാരിയെന്ന നിലയിലും ഇരയെന്ന നിലയിലും സ്വപ്‌ന സുരേഷിനെ സംരക്ഷിക്കാനാണ് തീരുമാനമെന്നും അജി കൃഷ്ണൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്‌നയുടെ നീക്കത്തിന് പിന്നിൽ സംഘപരിവാർ ബന്ധമുള്ള എൻജിഒ എച്ച് ആർ ഡി എസാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.