tencent-flipkart

ഇന്ത്യയിലെ പ്രമുഖ ഇ കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിന്റെ 2065 കോടി രൂപയുടെ ഓഹരികൾ സ്വന്തമാക്കി ചൈനീസ് ടെക്ക് വമ്പനായ ടെൻസെന്റ്. ഫ്ലിപ്കാർട്ടിന്റെ സഹസ്ഥാപകനായ ബിന്നി ബൻസാലിൽ നിന്നാണ് ടെൻസെന്റ് ഓഹരികൾ സ്വന്തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെക്ക് കമ്പനികളിൽ ഒന്നാണ് ടെൻസെന്റ്.

ഇന്ത്യയിൽ നിയന്ത്രണം ഉള്ള കമ്പനി ആയതിനാൽ തങ്ങളുടെ യൂറോപ്യൻ സബ്സിഡറി വഴിയാണ് ടെൻസെന്റ് ഓഹരികൾ വാങ്ങിക്കൂട്ടിയത്. ഇതോടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിയുടെ ഓഹരി ഉടമയായി ടെൻസെന്റ് മാറി. തനിക്കെതിരായ ആരോപണങ്ങളുടെ അന്വേഷണത്തത്തുടർന്ന് 2018ൽ ബൻസാൽ ഫ്ലിപ്കാർട്ടിൽ നിന്ന് രാജി വച്ചിരുന്നു. എന്നാൽ ബൻസാൽ കമ്പനിയുടെ ഓഹരി ഉടമയായും ബോർഡ് അംഗമായും തുടർന്നു.

കമ്പനിയിൽ നിന്ന് പുറത്ത് പോകുന്ന സമയം അദ്ദേഹത്തിന്റെ ഓഹരികൾ ഏകദേശം 800 ദശലക്ഷം ഡോളറായിരുന്നു. കൂടാതെ 2020 വരെ കമ്പനിയിൽ തുടരാമെന്നുള്ള കരാറിൽ എത്തുകയും ചെയ്തു. 2021 ഒക്ടോബർ 26 നാണ് ടെൻസെന്റ് ഫ്ലിപ്കാർട്ടിന്റെ ഓഹരികൾ വാങ്ങിയത്. എന്നാൽ നിലവിലെ സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഇപ്പോഴാണ് സർക്കാർ ഇതിന്റെ റിപ്പോർട്ട് പുറത്തുവിടുന്നത്.

വിൽപനയ്ക്ക് ശേഷം ഇപ്പോഴും ബൻസാലിന്റെ കൈവശം ഫ്ലിപ്കാർട്ടിന്റെ 1.84 ശതമാനം ഓഹരിയുണ്ട്. അതേസമയം ടെൻസെന്റ് ഹോൾഡിംഗ്സിന്റെ അനുബന്ധ സ്ഥാപനമായ ടെൻസെന്റ് ക്ലൗഡ് യൂറോപ് ബി വിയ്ക്ക് ഫ്ലിപ്കാർട്ടിൽ 0.72 ശതമാനം ഓഹരിയാണുള്ളത്.

അതിർത്തിയിൽ ചൈന കടന്നുകയറ്റം ശക്തമാക്കിയിട്ടുണ്ട് എന്ന് യു എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്റെ പറഞ്ഞ അതേ സമയത്താണ് ഈ ഇടപാട് നടന്നത് എന്നതും ശ്രദ്ധേയമാണ്. ചൈനീസ് കമ്പനി ആയതിനാൽ ടെൻസെന്റിന് കുറച്ച് കാലമായി ഇന്ത്യയിൽ അതിന്റെ സേവനങ്ങൾക്കും ആപ്പുകൾക്കും വിലക്കുകൾ നിലവിലുണ്ട്.