gondheraj-ghol

വേനൽക്കാലമായിക്കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ. ഓരോ വർഷം കഴിയും തോറും ചൂടിന്റെ കാഠിന്യം വർദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്. പിന്നീടങ്ങോട്ട് വിപണി കീഴടക്കുന്നത് ശീതളപാനിയങ്ങളാണ്. സർബത്തിലും മോരിലും തുടങ്ങി ഫ്രൂട്ട് ഷേയ‌്ക്കും ഫ്രഷ് ജ്യൂസുകളും മലയാളിയെ വേനൽക്കവചം തീർക്കാൻ നിർബന്ധിതരാക്കും.

കേരളീയരെക്കാൾ ഇപ്പോൾ കേരളത്തിൽ കൂടുതൽ അന്യസംസ്ഥാനക്കാരാണെന്ന് പറയാം. പ്രത്യേകിച്ച് ബംഗാളികൾ. അവർക്കിടയിൽ പ്രചാരത്തിലുള്ള സ്വയമ്പനൊരു പാനീയമുണ്ട്. ഏതു ചൂടിലും ഉന്മേഷമുണർത്തുന്ന ഒന്ന്. ഗൊന്ധോരാജ് ഗോൽ എന്നാണ് ഐറ്റത്തിന്റെ പേര്. പേര് അൽപം വിചിത്രമാണെങ്കിലും വളരെ ആരോഗ്യപ്രദമായ ശീതള പാനിയമാണ് ഗൊന്ധോരാജ് ഗോൽ.

എന്താണ് ഗൊന്ധോരാജ് ഗോൽ

ഗൊന്ധോരാജ് ലിബു എന്നറിയപ്പെടുന്ന ഫലമാണ് പാനീയം തയ്യാറാക്കുന്നതിലെ പ്രധാന ഘടകം. നമ്മുടെ നാരങ്ങയോട് സമാനമായിട്ടുള്ള ഒന്നാണ് ഗൊന്ധോരാജ് ലിബു. പ്രത്യേക രുചിയുള്ള ഈ ഫലം ബംഗാളികൾക്കിടയിൽ ഏറെ പ്രചാരമുള്ള ഒന്നാണ്. അസാമുകാർക്കും ഇത് പ്രിയങ്കരമാണ്. വൈറ്റമിൻ സി കൊണ്ട് സമ്പുഷ്‌ടമായ ഗൊന്ധോരാജ് ലിബുവിനെ വിവിധതരം ഫ്യൂഷൻ പാനിയങ്ങളായും ഇവിടത്തുകാർ ഉപയോഗിക്കുന്നു.

തയ്യാറാക്കേണ്ട വിധം

ചേരുവകൾ-

രണ്ട് കപ്പ് തൈര്

ഐസ് ക്യൂബ് (ഒരു കപ്പ്)

രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര

അര ടേബിൾ സ്പൂൺ ഇഞ്ചി

പകുതി നാരങ്ങയുടെ നീര്

ബ്ളാക്ക് സാൾട്ട് (ആവശ്യത്തിന്)

ഒരു ടേബിൾ സ്പൂൺ ഗൊന്ധോരാജ് നീര്

തൈര്, ഇഞ്ചി, പഞ്ചസാര, ബ്ളാക്ക് സാൾട്ട് എന്നിവ മിക്‌സിയിൽ അടിക്കുക. ഇതിലേക്ക് നാരങ്ങ നീര്, ഗൊന്ധോരാജ് നീര്, ഐസ് എന്നിവ കൂടി ചേർത്തിളക്കുക. തണുക്കാൻ ആവശ്യമായ സമയത്തേക്ക് റെഫ്രിഡ്‌ജറേറ്ററിൽ വച്ച് ശേഷം ഉപയോഗിക്കാം.