
വീട്ടിൽ ഐശ്വര്യവും സന്തോഷവും കളിയാടണമെങ്കിൽ വീട്ടിലുള്ളവർ ഐക്യത്തോടെ കഴിയണം. അല്ലെങ്കിൽ എത്ര സമ്പത്തുണ്ടായിട്ടും കാര്യമില്ല. എന്നും പ്രശ്നങ്ങളായിരിക്കും. ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാം എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.
പ്രധാനമായും ശ്രദ്ധിക്കേണ്ടത് കിടപ്പുമുറിതന്നെയാണ്. വീട്ടിൽ ദമ്പതികൾ തമ്മിൽ കലഹം പതിവാണെങ്കിൽ അവർ കിടക്കുന്ന കട്ടിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇരുമ്പുകൊണ്ടുള്ള കട്ടിലാണെങ്കിൽ എത്രയും പെട്ടെന്ന് അത് മാറ്റുക. എന്തുസംഭവിച്ചാലും കിടപ്പുമുറിയിൽ ഇരുമ്പ് കട്ടിലിന് പ്രവേശനം നൽകരുതെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. അതുപോലെ കോൺക്രീറ്റിൽ തീർത്ത കട്ടിലും വേണ്ട. ദമ്പതികൾ ഉറങ്ങേണ്ടത് തടിക്കട്ടിലിലാണ്. അങ്ങനെയെങ്കിൽ പ്രശ്നങ്ങൾ ഇല്ലാതാവും. മികച്ച ലൈംഗികാനുഭൂതിയും ലഭിക്കും. ചിലയിടങ്ങളിൽ രണ്ട് ചെറിയ തടിക്കട്ടിൽ ചേർത്തിട്ട് ദമ്പതികൾ കിടക്കാറുണ്ട്. ഇതും വേണ്ട. ഇങ്ങനെ കിടക്കുന്നത് അവർക്കിടയിൽ അകൽച്ചയ്ക്ക് ഇടയാക്കിയേക്കും.
മറ്റുചില കാര്യങ്ങൾ
വൃത്താകൃതിയിലുള്ളതോ ഓവൽ ആകൃതിയിലുള്ളതോ ആയ കിടക്കകൾ ഒഴിവാക്കുക. ഉറങ്ങുമ്പോൾ ഒരിക്കലും തലയിണകൾ വേണ്ടെന്ന് വയ്ക്കരുത്. അതുപോലെ പകലായാലും രാത്രി ആയാലും ഉറങ്ങുമ്പോൾ നിങ്ങളുടെ തലയ്ക്ക് പിന്നിലുളള ജനാലകൾ ഉണ്ടെങ്കിൽ അത് തുറന്നിടുകയും അരുത്.
കിടപ്പുമുറിക്കുള്ളിൽ ടോയ്‌ലറ്റ് ഉണ്ടെങ്കിൽ അതിന്റെ വാതിൽ എല്ലായ്‌പ്പോഴും അടച്ചിടാൻ ശ്രദ്ധിക്കുക. വാതിൽ തുറന്നിടുന്നത് ബെഡ് റൂമിൽ നെഗറ്റീവ് എനർജി നിറയ്ക്കാൻ ഇടവരും. അതുപോലെ ടോയ്‌ലറ്റ് സുഗന്ധ പൂരിതമാക്കാനും ശ്രദ്ധിക്കുക. ആഴ്‌ചയിൽ ഒരിക്കൽ ഉപ്പുവെള്ളം ഉപയോഗിച്ച് ബാത്ത്‌റൂമിന്റെയും കിടപ്പുമുറിയുടെയും തറ തുടയ്ക്കുന്നത് നെഗറ്റീവ് എനർജി ഇല്ലാതാക്കി ഫ്രഷ്‌നസ് ഉണ്ടാക്കും.
കിടപ്പുമുറിയിൽ, ജലധാരകൾ, അക്വേറിയങ്ങൾ എന്നിവ ഒഴിവാക്കുക. ഒപ്പം യുദ്ധ രംഗങ്ങളുടെയും അവിവാഹിതരായ സ്ത്രീകളുടെ ചിത്രങ്ങൾ ഒഴിവാക്കണം. അതുപോലെ ഇലക്ട്രോണിക് ഉപകരണങ്ങളും കിടപ്പുമുറിയിൽ വേണ്ട..