
ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോര്‍പറേഷനിലെ ഏക സിപിഎം അംഗമായിരുന്ന ഷെല്ലി ശര്‍മ ഇനി ബി ജെ പിയില്‍. സമ്മര്‍ഹില്‍ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറായിരുന്നു ഷെല്ലി. ഷിംല മണ്ഡലം എക്‌സിക്യട്ടീവ് യോഗത്തില്‍ വച്ചായിരുന്നു അവർ ബിജെപിയിൽ ചേർന്നത്.
ഇടതുപാർട്ടികളിൽ നിന്നുള്ള നേതാക്കൾ ബിജെപിയിലേക്ക് വരുന്നത് അഭിമാന നിമിഷമാണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ രവി മേഹ്ത പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് നേതാക്കള്‍ ബിജെപിയിലെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, 2012 ലെ തിരഞ്ഞെടുപ്പിൽ കോര്‍പ്പറേഷനിലെ മേയറും ഡെപ്യൂട്ടി മേയറും സി പി എം പ്രതിനിധികളായിരുന്നു. മൂന്ന് സീറ്റുകളിലാണ് സി പി എം അന്ന് വിജയിച്ചത്. പക്ഷേ 2017ൽ ഒറ്റ സീറ്റ് മാത്രമാണ് സി പി എമ്മിന് കിട്ടിയത്. ഈ സീറ്റില്‍ വിജയിച്ച അംഗമാണ് ഇപ്പോൾ ബിജെപിയിൽ ചേർന്നിരിക്കുന്നത്.