
ബർഗർ കിംഗ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ പരസ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ സംസാരവിഷയം. ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷനെക്കൊണ്ട് ബർഗർ ഇന്ത്യ സൗജന്യമായി പരസ്യത്തിൽ അഭിനയിപ്പിച്ചിരിക്കുകയാണ്. ഒരു ഫിലിം സിറ്റിയിൽ സ്റ്റുഡിയോയുടെ മുന്നിൽ വച്ചാണ് താരം അറിയാതെ കമ്പനി അദ്ദേഹത്തെക്കൊണ്ട് തന്നെ പ്രൊമോഷൻ ചെയ്യിച്ചത്.
കാരവാനിൽ നിന്ന് പുറത്തുവന്ന താരം പാപ്പരാസികളെക്കണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ഈ സമയം ബർഗർ കിംഗ് ഇന്ത്യയുടെ വലിയ ബാനർ താരത്തിന് പിന്നിലായി രണ്ടുപേർ പ്രദർശിപ്പിക്കുന്നു. സ്വയം അറിയാതെ തന്നെ താരം ബർഗർ ഇന്ത്യയ്ക്കായി പരസ്യം ചെയ്യുകയായിരുന്നു. 'ഹൃതിക്കിനോട് ക്ഷമ ചോദിക്കുന്നു. ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു' എന്ന അടിക്കുറിപ്പോടുകൂടി കമ്പനി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോ വൈറലാവുകയാണ്.
ഇതേ വീഡിയോ പങ്കുവച്ചുകൊണ്ട് താരം പറഞ്ഞ കമന്റും ഏറെ ശ്രദ്ധനേടുകയാണ്. ബർഗർ ഇന്ത്യ ചെയ്തത് ശരിയായില്ല എന്നായിരുന്നു താരം പറഞ്ഞത്.
.@burgerkingindia, this is not done.https://t.co/NIkge9XZfH
— Hrithik Roshan (@iHrithik) June 12, 2022
വീഡിയോയ്ക്ക് പിന്നാലെ പ്രമുഖ ബ്രാൻഡുകളായ സൊമാറ്റോ, സ്പോട്ടിഫൈ, ആമസോൺ പ്രൈം സ്വിഗ്ഗി എന്നിവരും രംഗത്തെത്തി. 'ദൂം മച്ചാലേ' എന്ന ഗാനം ബാക്ക്‌ഗ്രൗണ്ടിൽ കേൾപ്പിക്കണമായിരുന്നു എന്നായിരുന്നു സ്പോട്ടിഫൈ കമന്റ് ചെയ്തത്. എന്നാൽ പരസ്യം മുൻകൂട്ടി തയ്യാറാക്കിയതാണെന്നും തിരക്കഥ ഉണ്ടായിരുന്നെന്നും പല സമൂഹമാദ്ധ്യ ഉപഭോക്താക്കളും കമന്റ് ചെയ്തു. പരസ്യവും ഐഡിയയും അടിപൊളിയാണെന്നാണ് കൂടുതൽ പേരും പറഞ്ഞത്.