
തിരുവനന്തപുരം: കല്ലുവാതുക്കൽ എന്ന നാടും നാട്ടുകാരും പ്രശസ്‌തമായത് മണിച്ചൻ എന്ന പേരിലൂടെയാണ്. കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിൽ കഴിഞ്ഞ ഇരുപത്തിരണ്ട് വർഷമായി ജയിൽശിക്ഷ അനുഭവിക്കുന്ന മണിച്ചനെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഗവർണർ അംഗീകരിച്ചിരിക്കുകയാണ്.
ഭർത്താവിന്റെ മോചനത്തിനായി ഉഷ വർഷങ്ങളായി നടത്തിയ നിയമപോരാട്ടമാണ് ഇപ്പോൾ ഫലപ്രാപ്‌തിയിൽ എത്തിയത്. കേസിൽ കുടുങ്ങി ജീവിതം അപ്പാടെ തകർന്നെങ്കിലും മണിച്ചന്റെ കുടുംബം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുള്ള പ്രാർത്ഥനയിലും കാത്തിരിപ്പിലുമായിരുന്നു. മൂത്തമകൻ പ്രവീണിന്റെ ബി.ബി.എ പഠനകാലത്താണ് മണിച്ചൻ കേസിൽ ശിക്ഷിക്കപ്പെട്ട് അകത്തായത്. അതോടെ, ബംഗളൂരുവിലെ ബി.ബി.എ പഠനം മതിയാക്കി പ്രവീൺ നാട്ടിലെത്തി. പത്താം ക്ളാസിൽ സഹോദരിയുടെ പഠനവും അവസാനിച്ചു. മദ്യദുരന്തക്കേസിലെ പ്രതിയുടെ മകളെന്ന പേരുദോഷം വിവാഹത്തിനും തടസമായി. ആദ്യവിവാഹം തെറ്റിപ്പിരിഞ്ഞ മകളുടെ രണ്ടാം വിവാഹത്തിനാണ് വർഷങ്ങൾക്ക് ശേഷം മണിച്ചൻ പതിനഞ്ച് ദിവസത്തെ പരോളിലെത്തിയത്. മകളുടെ വിവാഹ ശേഷം ജയിലിലേക്ക് മടങ്ങിയ മണിച്ചൻ പിന്നീട് കൊവിഡ് കാലത്ത് തടവുകാരുടെ പരോൾ സമയത്ത് കഷ്ടിച്ച് രണ്ടുവർഷത്തോളം വീട്ടിലുണ്ടായിരുന്നു. ജയിലിലെ അറിയപ്പെടുന്ന കർഷകനായ മണിച്ചൻ കൊവിഡ്കാല പരോളിൽ വീട്ടിലും നല്ല കർഷകനായി. പരോൾ കാലാവധി അവസാനിച്ചപ്പോഴാണ് മടങ്ങിയത്.
കേസിന്റെ ശിക്ഷാകാലാവധി അവസാനിച്ചിട്ടും കേസിൽ അകപ്പെട്ടതിന്റെ ശനിദശ മണിച്ചന്റെ കുടുംബത്തിന് തീർന്നിട്ടില്ല. ചിറയിൻകീഴ് പണ്ടകശാലയ്ക്ക് സമീപത്തെ വീടും വസ്തുക്കളുമെല്ലാം ഇപ്പോഴും അറ്റാച്ച്മെന്റിലാണ്. കേസും കുടുംബത്തിന്റെ നിത്യ ചെലവുകളും മക്കളുടെ പഠനവും വിവാഹവുമൊക്കെയായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെട്ട ഉഷയ്ക്കും കുടുംബത്തിനും കുടുംബവക വസ്തുക്കൾ പോലും തുണയായില്ല. മക്കൾ പ്രായപൂർത്തിയാകുംവരെ ഇരട്ടക്കലുങ്കിന് സമീപത്തെ ബന്ധുവീട്ടിലാണ് ഉഷ കഴിഞ്ഞത്. ബി.ബി.എ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച പ്രവീൺ ഇടയ്ക്ക് വിദേശത്തേക്ക് പോയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. കല്ലുവാതുക്കൽ ദുരന്തമുണ്ടായി വർഷങ്ങൾക്ക് ശേഷവും അതിന്റെ പേരുദോഷം പേറി ജീവിക്കുന്ന ഈ കുടുംബത്തിന് ഒരപേക്ഷ മാത്രം. ജയിലിൽ നിന്ന് മടങ്ങിയെത്തുന്ന മണിച്ചനെ ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം.