sidhu

അമൃത്‌സർ: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെ വാലയെ വെടിവച്ചു കൊന്ന കേസിലെ മുഖ്യപ്രതിയും ഷാർപ്പ് ഷൂട്ടറുമായ സന്തോഷ് ജാദവിനെയും സഹായി നവ്നാഥ് സൂര്യവംശിയെയും പൂനെ പൊലീസ് ഗുജറാത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. സന്തോഷ് ജാദവാണ് സിദ്ദുവിനെ വെടിവച്ചതെന്നാണ് വിവരം.

2021ൽ മൻചാർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലക്കേസിൽ പിടിയിലായ സന്തോഷ്,​ തടവുചാടിയ ശേഷം ഒളിവിലായിരുന്നു. ബിഷ്ണോയി സംഘാംഗമായ സൗരവ് മഹ്കലിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളെ തുടർന്നാണ് അറസ്റ്റെന്നാണ് സൂചന.

സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവെ മേയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വച്ച് സിദ്ദു മൂസവാലെയെ വെടിവച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തിനു പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.