modi

കൊളംബോ: ഊർജ പദ്ധതി അദാനി ഗ്രൂപ്പിന് നൽകാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സയെ സമ്മർദ്ദത്തിലാക്കിയെന്ന വാദം ലങ്കൻ ഉദ്യോഗസ്ഥൻ പിൻവലിച്ചു. പിന്നാലെ രാജിവയ്ക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ശ്രീലങ്കൻ പാർലമെന്റിലെ പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ തുറന്ന വാദം കേൾക്കലിനിടെയാണ് ഉദ്യോഗസ്ഥൻ അവകാശവാദം ഉന്നയിച്ചത്.

ശ്രീലങ്കയിലെ സിലോൺ ഇലക്ട്രിസിറ്റി ബോർഡ് (സിഇബി) ചെയർമാൻ എംഎംസി ഫെർഡിനാൻഡോയാണ് ആരോപണം ഉന്നയിച്ചത്. കാറ്റാടി വൈദ്യുത പദ്ധതി നേരിട്ട് അദാനി ഗ്രൂപ്പിന് നൽകാൻ മോദി സമ്മർദ്ദം ചെലുത്തിയതായി പ്രസിഡന്റ് തന്നോടു പറഞ്ഞതായാണ് ഫെർഡിനാൻഡോ വെളിപ്പെടുത്തിയത്. ഉദ്യോഗസ്ഥൻ നടത്തിയ ആരോപണങ്ങളുടെ വീ‌ഡിയോ ശ്രീലങ്കൻ മാദ്ധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ചെയ്തിരുന്നു.ശ്രീലങ്കയിലെ മാന്നാർ ജില്ലയിൽ 500 മെഗാവാട്ട് പുനരുപയോഗ ഊർജ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങൾ ഉയർന്നത്.

ആരോപണത്തെ രാജപക്സ ശക്തമായി നിഷേധിച്ചു. ഏതെങ്കിലും നിർദ്ദിഷ്ട വ്യക്തിക്കോ സ്ഥാപനത്തിനോ പദ്ധതി നൽകാൻ അനുമതി നൽകിയെന്ന ആരോപണത്തെ തള്ളിയ രാജപക്സ പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണവുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.

ഊർജ പദ്ധതികൾക്കായുള്ള കരാർ മത്സരാധിഷ്ഠിത ലേലത്തിലൂടെ വേണമെന്ന നിയമം ശ്രീലങ്ക അടുത്തിടെ മാറ്റിയിരുന്നു. അദാനി ഗ്രൂപ്പിന് കരാർ സുഗമമാക്കാനാണ് ഇത്തരത്തിൽ മാറ്റം വരുത്തിയതെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. ഒക്ടോബറിൽ ഗൗതം അദാനി ശ്രീലങ്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.