tear-gas-

തിരുവനന്തപുരം: വിമാനത്താവളത്തിന് മുന്നിൽ മുഖ്യമന്ത്രിയ്ക്കെതിരേയുള്ള പ്രതിഷേധ പ്രകടനം നിയന്ത്രണവിധേയമാക്കുന്നതിനിടയിൽ പൊലീസ് പ്രയോഗിച്ച ടിയർ ഗ്യാസ് വീടിനുള്ളിലേക്ക് വീണു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തിരിപ്പിക്കുന്നതിനായി അഞ്ചിലധികം തവണയാണ് പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചത്. ഇതിലൊരെണ്ണമാണ് വീട്ടിലേക്ക് തെറിച്ചു വീണത്.

ഇതോടെ പ്രതിഷേധവുമായി വീട്ടമ്മ രംഗത്തെത്തി. വീടിന് മുന്നിലേക്ക് വീണ ടിയർ ഗ്യാസിൽ നിന്നുള്ള പുക ശ്വസിച്ച് വീട്ടിലുണ്ടായിരുന്നവർക്ക് അസ്വസ്ഥതയുണ്ടായി. വീട്ടിൽ രോഗയായ മാതാവും താനും മാത്രമാണ് ഉള്ളതെന്ന് വീട്ടമ്മ വ്യക്തമാക്കി.

പ്രായമായ അമ്മയ്ക്ക് ഇതിൽ നിന്നുള്ള പുക ശ്വസിച്ച് വല്ലാത്ത അസ്വസ്ഥതയുണ്ടായെന്നും വീട്ടമ്മ പറഞ്ഞു. ടിയർ ഗ്യാസ് വന്ന് വീണതോടെ ഇരുവർക്കും ശ്വാസതടസം ഉണ്ടായി. ഇതിൽ നിന്നുള്ള പുക ശ്വസിച്ചതോടെ ശബ്ദം പോലും പുറത്തുവന്നില്ലെന്നും സഹായത്തിനായി ആരെയും വിളിക്കാൻ പോലും കഴിയാത്ത അവസ്ഥയാണുണ്ടായതെന്നും വീട്ടമ്മ പറഞ്ഞു.

റോഡ് മുഴുവൻ അടച്ച് മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഏർപ്പെടുത്തിയിരുന്നതിനാൽ മാതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും ഇതിന് പിണറായി തന്നെ ഉത്തരം പറയണമെന്നും വീട്ടമ്മ പറഞ്ഞു.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയ്ക്ക് റോഡ് അടച്ച് സുരക്ഷ ഒരുക്കിയിരിക്കുകയാണ്. സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളെല്ലാം വളരെ നേരമായി റോഡിൽ തന്നെ കിടക്കുകയാണ്. ആരെയും പൊലീസ് കടത്തിവിടുന്നില്ല. സ്കൂൾ, ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവരെല്ലാം റോഡിൽ തന്നെ കുടുങ്ങിക്കിടക്കുകയാണ്.