
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനകത്തും കറുപ്പ് വസ്ത്രം ധരിച്ച് പ്രതിഷേധം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയ്‌ക്കിടയിലായിരുന്നു അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. മുഖ്യമന്ത്രി രാജി വയ്‌ക്കണമെന്ന മുദ്രാവാക്യം വിളികളും ഉയർന്നിരുന്നു.
കറുത്ത വസ്ത്രമണിഞ്ഞ് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്തത്. മട്ടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫർദീൻ മജീദും, ജില്ലാ സെക്രട്ടറി നവീൻ കുമാറും മറ്റൊരാളുമാണ് യാത്ര ചെയ്തത്. മൂന്നാമനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മുദ്രാവാക്യം വിളി തുടർന്നതോടെ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചവരിൽ ഒരാളെ വിമാനത്തിനകത്ത് വച്ച് ഇ പി ജയരാജൻ പിടിച്ചുതള്ളിയതിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മദ്യപിച്ചെത്തി വിമാനത്തിനകത്ത് ബഹളമുണ്ടാക്കിയവരെയാണ് ചോദ്യം ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ കയറാൻ എത്തിയപ്പോൾ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നുവെങ്കിലും ചോദ്യം ചെയ്ത ശേഷം വിമാനത്തിനുള്ളിൽ കയറാൻ അനുവദിക്കുകയായിരുന്നു. ആർ സി സിയിൽ ബന്ധുവിനെ കാണാൻ പോകുന്നുവെന്നായിരുന്നു ഇവർ പൊലീസിനോട് പറഞ്ഞത്. ആവശ്യം ന്യായമായതിനാലാണ് യാത്ര ചെയ്യാൻ അനുവദിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.
അതേസമയം, കറുത്ത വസ്ത്രം ധരിച്ച് മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ കയറിയതും സ്ഥലത്തെ അറിയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകരാണെന്നതും ശ്രദ്ധയിൽ പെടാത്തത് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയായിട്ടാണ് കാണുന്നത്. തിരുവനന്തപുരത്ത് നിന്നും ക്ലിഫ് ഹൗസിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയിൽ വലിയ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.