
ഉദിയൻകുളങ്ങര: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി കടൽഭിത്തി നിർമ്മിക്കാൻ തമിഴ്നാട്ടിൽനിന്ന് പാറയുമായി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് ഡ്രൈവർ മരിച്ചു. ക്ളീനറെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുങ്കടവിള മാരായമുട്ടം ആലത്തൂർ തെക്കേ കുഴിവിള പുത്തൻ സാം സദനത്തിൽ സത്യദാസ് - ഡെയ്സി ദമ്പതികളുടെ മകൻ സാം സുജിൻ (42) ആണ് മരിച്ചത്. മാരായമുട്ടം ആലത്തൂർ കുട്ടക്കുഴി ജെ.എസ് ഭവനിൽ ജോൺ (50) ആണ് ചികിത്സയിലുള്ളത്.
ഇന്നലെ രാവിലെ 11.30ന് മര്യാപുരം കോൺവെന്റ് സ്കൂളിന് മുമ്പിലായിരുന്നു അപകടം. ലോറിയുടെ മുൻവശത്തെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഫുട്‌പാത്തിലെ കൈവരികളിൽ ഇടിച്ച ശേഷം ചെങ്കൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം സജിത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന മതിലും ഇടിച്ച് തകർത്ത് മറിയുകയായിരുന്നു. വലതുവശത്തേക്ക് മറിഞ്ഞ ലോറിയുടെ അടിയിൽ ഡ്രൈവർ കുടുങ്ങിപ്പോയി. വൻശബ്ദം കേട്ടെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നെയ്യാറ്റിൻകര, പാറശാല എന്നിവിടങ്ങളിൽ നിന്ന് ഫയർ ഫോഴ്സ് എത്തി ലോറിയുടെ മുൻഭാഗം പൊളിച്ചുനീക്കിയാണ് സാം സുജിന്നെ പുറത്തെടുത്തത്. അപ്പോഴക്കും മരണം സംഭവിച്ചിരുന്നു. മെഡിക്കൽ കോളേജിലേക്ക് മാറ്റിയ സാമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും . മോളിയാണ് സാമിന്റെ ഭാര്യ. സ്നേഹ സാം, ആൽവിൻ സാം എന്നിവർ മക്കൾ.