poco

ഷവോമി കുടുംബത്തിൽ നിന്നുള്ള ഏറ്റവും പുതിയ ബ്രാൻഡായ പോക്കോയുടെ ഇന്ത്യയിലെ ലോഞ്ച് ഉ‌ടൻ ഉണ്ടാകുമെന്ന് സൂചനകൾ. ബ്രാൻഡിന്റെ ആഗോള ലോഞ്ചിന്റെ ഭാഗമായി ഇന്ത്യയിലും മൊബൈൽ ഫോൺ നി‌ർമാതാക്കൾ തങ്ങളുടെ സാന്നിദ്ധ്യം ഉടൻ അറിയിക്കുമെന്നാണ് വിവരം. പോക്കോയുടെ എഫ് 4 മോഡലായിരിക്കും ഇന്ത്യയിൽ എത്തുകയെന്നാണ് പ്രാഥമിക വിവരങ്ങൾ. 12 ജിബി റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമടക്കമാണ് ഈ ഹാൻഡ്സെറ്റ് ഇന്ത്യയിലെത്തുന്നത്. സ്നാപ്ഡ്രാഗൺ 870 എസ്ഒസി പ്രൊസസർ ആയിരിക്കും സ്മാർട്ട്ഫോണിൽ ഉപയോഗിക്കുകയെന്ന് പോക്കോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

With 256GB of storage, you don't have to think but keep doing what you ❤️ more. POCO F4 5G has #EverythingYouNeed.#MadeOfMAD pic.twitter.com/JCKZ3iklJh

— POCO India (@IndiaPOCO) June 12, 2022

അടുത്തിടെ ചൈനയിൽ അവതരിപ്പിച്ച റെഡ്മി കെ 40 എസിന്റെ നവീകരിച്ച പതിപ്പാണ് പോക്കോ. ആറ് ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പേസുമുള്ള ബേസ് മോഡലും 12 ജിബി റാമും 256 ജിബി സ്റ്റോറേജ് സ്പേസുമുള്ള പ്രീമിയം മോഡലുകളിലാണ് റെഡ്മി കെ40 എസ് വിപണിയിലെത്തിയത്. ഇതിൽ നിന്നും ഒരുപടി കൂടി കടന്ന് 8ജിബി റാമും 256 ജിബി സ്റ്റോറേജ് സ്പേസോടുകൂടിയാകും പോക്കോയുടെ ബേസ് മോഡൽ എത്തുകയെന്നാണ് സൂചന. പ്രീമിയം മോഡലിന് 12 ജിബി റാമും 256 ജിബി സ്റ്റോറേജ് സ്പേസുമുണ്ടാകും.

എന്നാൽ ഇതിന്റെ വിലയാണ് അതിശയിപ്പിക്കുന്ന മറ്റൊരു പ്രത്യേകത. റെഡ്മി കെ40എസിന് 36000 രൂപ വരെയായിരുന്നു പരമാവധി വില. എന്നാൽ പോക്കോയുടെ പ്രീമിയം ഹാൻഡ്സെറ്റ് ഇന്ത്യയിൽ 26999 രൂപയ്ക്ക് വിൽക്കാനാണ് നിർമാതാക്കളുടെ ശ്രമം. പോക്കോയുടെ സാങ്കേതിക വിവരങ്ങൾ അധികമൊന്നും ലഭ്യമായിട്ടില്ലെങ്കിൽ പോലും ചില ചിത്രങ്ങളിൽ നിന്നും നിർമാതാക്കൾ തന്നെ പുറത്തിറക്കിയ ടീസറിൽ നിന്നുമെല്ലാം സിംഗിൾ കളർ ഓപ്ഷനിൽ 64 മെഗാപിക്സൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രിപ്പിൾ ക്യാമറ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 6.67-ഇഞ്ച് ഫുൾ-എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേ എന്നിവയോടെയാകും പോക്കോ വിപണിയിൽ എത്തുകയെന്ന് കരുതുന്നു.