
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഡൽഹി സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ ദിനോസർ മുട്ടകളുടെ ഫോസിൽ കണ്ടെത്തി. മദ്ധ്യപ്രദേശിലെ ദിനോസർ ഫോസിൽ ദേശീയ പാർക്കിലാണ് അപൂർവ്വ മുട്ടകളുടെ കൂട്ടം കണ്ടെത്തിയത്. ഒന്ന് മറ്റൊന്നിനുള്ളിലായ നിലയിലാണ് മുട്ടകൾ. ഉരഗങ്ങളിൽ ഇത് അപൂർവ്വ പ്രതിഭാസമാണെന്ന് ഗവേഷകർ പറയുന്നു. പക്ഷികളിൽ മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ. സൗരോപോഡ് ദിനോസറുകളുടെ ഗ്രൂപ്പിൽ പെടുന്ന ടൈറ്റനോസോറിഡ് ദിനോസറുകളുടേതാണ് മുട്ടകളെന്ന് നേച്ചർ ഗ്രൂപ്പ് ജേർണലായ സയന്റിഫിക് റിപ്പോർട്ടിൽ വിശദമാക്കുന്നു. ദിനോസറുകളുടെ പ്രത്യുത്പാദന ജീവശാസ്ത്രത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലാണിത്. ദിനോസറുകളും ഉരഗങ്ങളും തമ്മിലുള്ള ബന്ധം, ദിനോസറുകളിലെ വൈവിദ്ധ്യം, അവയുടെ കൂടുണ്ടാക്കുന്ന സ്വഭാവരീതി, ദിനോസറുകളുടെ പുനരുത്പാദനം തുടങ്ങിയവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ഫോസിലുകൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.