
ഇടുക്കി: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരത്തെ വിമർശിച്ച് മുൻ മന്ത്രിയും എം.എൽ.എയുമായ എം.എം. മണി. മുഖ്യമന്ത്രിയുടെ രോമത്തിൽ തൊടാൻ ഒരുത്തനെയും അനുവദിക്കില്ല. പെപ്പടിയും ഉമ്മാക്കിയും കാട്ടി ആരും പേടിപ്പിക്കാൻ നോക്കണ്ട. മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ഞങ്ങളുടെ പാർട്ടിക്ക് അറിയാം. ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും എം.എം. മണി പറഞ്ഞു.
ഭരണമുള്ളതു കൊണ്ടാണ് ഞങ്ങൾ മര്യാദയ്ക്ക് ഇരിക്കുന്നത്. അല്ലെങ്കിൽ വി.ഡി. സതീശനെ നേരിടാൻ ഞങ്ങൾ മുണ്ടും മടക്കികുത്തിയിറങ്ങുമെന്നും മണി പറഞ്ഞു. സ്വർണക്കള്ളക്കടത്തുകാരിയെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിലിൽ കിടന്നതു പോലെയാണ് അവതരിപ്പിക്കുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിൽ ആർ.എസ്.എസ്, യു.ഡി.എഫ്. ബി.ജെ.പി ഗൂഢാലോചനയാണെന്നും എം.എം. മണി പറഞ്ഞു.