
ലണ്ടൻ: പ്രവാചകന്റെ മകളുടെ കഥ പറയുന്ന ‘ദ ലേഡി ഒഫ് ഹെവൻ' സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഇമാം ഖാരി അസിമിനെ ബ്രിട്ടീഷ് സർക്കാരിന്റെ സ്വതന്ത്ര ഉപദേഷ്ടാവ് പദവിയിൽ നിന്ന് നീക്കി. ഇസ്‌ലാമുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് സർക്കാർ ഇമാമിന്റെ ഉപദേശം തേടിയിരുന്നത്. മുസ്‌ലിം വിദ്വേഷം തടയാനുള്ള സർക്കാർ സമിതിയുടെ ഉപാദ്ധ്യക്ഷനുമാണ് ലീഡ്സ് മക്ക മസ്ജിദിലെ മുഖ്യ ഇമാമായ ഖാരി അസിം.
സിനിമ നിരോധിക്കണമെന്ന ആവശ്യത്തിന് പിന്തുണ നൽകിയതിലൂടെ കലാവിഷ്കാര സ്വാതന്ത്ര്യത്തിനും സമുദായ സൗഹാർദ്ദത്തിനും എതിരായ നിലപാടാണ് 44കാരനായ ഇമാം സ്വീകരിച്ചത് എന്നാരോപിച്ചാണ് പദവിയിൽ നിന്നു നീക്കിയത്.
ഷിയ പുരോഹിതനും ചലച്ചിത്രകാരനുമായ യാസിർ അൽ ഹബീബ് സംവിധാനം ചെയ്ത ‘ദ ലേഡി ഒഫ് ഹെവൻ’ ഈ മാസം 3നാണ് റിലീസ് ചെയ്തത്. സിനിമ ഇസ്‌ലാമിക ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് വിവിധ സംഘടനകൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ബ്രിട്ടനിലെ തിയേറ്ററുകൾ പ്രദർശനം നിറുത്തിവച്ചിരുന്നു. ഈജിപ്ത്, പാകിസ്ഥാൻ, ഇറാൻ, ഇറാഖ്, മൊറോക്കോ എന്നിവിടങ്ങളിലും പ്രതിഷേധമുയർന്നിരുന്നു.
എന്നാൽ, ഏതെങ്കിലും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുകയോ പ്രതിഷേധം സംഘടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ഖാരി അസിം ട്വീറ്റ് ചെയ്തു. ജനാധിപത്യ മൂല്യങ്ങളെ തകർക്കാൻ താൻ പ്രവർത്തിച്ചുവെന്ന സർക്കാരിന്റെ വാദം വസ്തുതാപരമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2012ലാണ് സ്വതന്ത്ര ഉപദേഷ്ടാവ് എന്ന പദവിയിൽ ഇമാമിനെ യു.കെ സർക്കാർ നിയോഗിച്ചത്. സിനിമ ബ്രിട്ടീഷ് സമൂഹത്തിലെ കെട്ടുറപ്പിന് തുരങ്കം വയ്ക്കുകയും സമൂഹത്തിൽ തീവ്രവാദത്തിനും പിരിമുറുക്കത്തിനും ആക്കം കൂട്ടുകയും ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് ഇമാം പറഞ്ഞിരുന്നു.