versys

ന്യൂഡൽഹി: നീണ്ട കാത്തിരിപ്പിനൊടുവിൽ കാവസാക്കി വേഴ്സിസ് 650യുടെ അപ്ഡേറ്റഡ് മോഡൽ ഈ മാസം അവസാനത്തോട് കൂടി എത്തും. വേഴ്സിസ് 650യുടെ അപ്ഡേറ്റഡ് പതിപ്പിന് വേണ്ടി ഏറെകാലമായി വാഹനപ്രേമികൾ മുറവിളി കൂട്ടുന്നുണ്ട്. വേഴ്സിസ് 1000ൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് വേഴ്സിസ് 650യുടെ പുത്തൻ പതിപ്പ് കാവസാക്കി ഇറക്കിയിരിക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ തന്നെ ആർക്കും മനസിലാകും. ഡ്യുവൽ എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകളും നാലു രീതിയിൽ ക്രമീകരിക്കാവുന്ന വിൻഡ്സ്ക്രീനും പുതിയ വേഴ്സിസിന്റെ അഴക് വർദ്ധിപ്പിക്കുമ്പോൾ പരിഷ്കരിച്ച എൻജിൻ കൗളും പുതിയ ഗ്രാഫിക്സും പുതിയ വേഴ്സിസിനെ പഴയ വേർഷനിൽ നിന്നും വേർതിരിച്ചറിയാൻ സഹായിക്കും.

പുതിയ വേഴ്സിസിൽ സുരക്ഷാ കാര്യങ്ങളിലാണ് കാവസാക്കി കൂടുതൽ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. അപ്ഡേറ്റ് ചെയ്ത ഇലക്ട്രോണിക് റൈഡർ എയ്ഡുകളും മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കുന്ന കാവസാക്കി ട്രാക്ഷൻ കൺട്രോൾ സംവിധാനവും പുതിയ വേഴ്സിസിന്റെ പ്രത്യേകതകളാണ്. രണ്ട് മോഡുകളിലാണ് കാവസാക്കി ട്രാക്ഷൻ കൺട്രോൾ എത്തുന്നത്. മോഡ് 1 ഗ്രിപ്പ് ലഭിക്കാൻ പ്രയാസമില്ലാത്ത പ്രതലങ്ങളിലും മോഡ് 2 ഗ്രിപ്പ് കുറഞ്ഞ പ്രതലങ്ങളിലും ഉപയോഗിക്കാൻ സാധിക്കും. ഈ സുരക്ഷാ സംവിധാനം ഓഫാക്കിയ ശേഷവും വേണമെങ്കിൽ വാഹനം ഓടിക്കാവുന്നതാണ്. ബ്ലൂടൂത്ത് കണക്ട് ചെയ്യാവുന്ന പുത്തൽ ടിഎഫ്ടി ഡിസ്‌പ്ളേ സംവിധാനമാണ് പുതിയ വേഴ്സിസിൽ ഉള്ള മറ്റൊരു വൻ മാറ്റം.

അതേസമയം എൻജിന്റെയും കരുത്തിന്റെയും കരുത്തിൽ പുതിയ വേഴ്സിസും പഴയതും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. 66 എച്ച്‌പിയും 61 എൻഎം ടോർക്കും ഉദ്പാദിപ്പിക്കുന്ന 649 സിസി പാരലൽ ട്വിൻ എഞ്ചിനാണ് വേഴ്സിസിന്റെ കരുത്ത്. വാഹനത്തിന്റെ ഷാസിയിലും സസ്‌പെൻഷനിലും കാവസാക്കി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഷോവയുടെ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന സസ്പെൻഷൻ ആണ് വേഴ്സിസിന്റെ ഏറ്റവും വലിയ ശക്തി. വിപണിയിൽ വേഴ്സിസിന്റെ എതിരാളിയായി എത്തുന്ന ട്രയംഫ് ടൈഗർ സ്പോർട് 660ക്ക് പോലും അഡ്ജസ്റ്റബിൾ സസ്പെൻഷൻ ഇല്ലെന്നത് വേഴ്സിസിന് മേൽക്കൈ നൽകുന്ന ഘടകമാണ്.

പുതിയ വേഴ്സിസിന്റെ വില സംബന്ധിച്ച വിവരങ്ങൾ കാവസാക്കി ഇതുവരെ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയിട്ടില്ലെങ്കിലും പഴയ മോഡലിനെക്കാളും കുറഞ്ഞത് 30,000 മുതൽ 50,000 രൂപ വരെ കുടുതലാകുമെന്ന് കരുതുന്നു. എക്സ്ഷോറൂം വില ഏകദേശം 7.15 ലക്ഷത്തിന് അടുത്തെത്താനാണ് സാദ്ധ്യത. കാവസാക്കി അടുത്തിടെ വേഴ്സിസിന് 70,000 രൂപയുടെ ഇളവ് പ്രഖ്യാപിച്ചിരുന്നു.എന്നാൽ കഴിഞ്ഞ മാസം ഈ ഓഫറിന്റെ കാലാവധി പൂർത്തിയായിരുന്നു. പുതിയ വേഴ്സിസ് വരുമ്പോൾ കാവസാക്കി ഇത്തരത്തിൽ എന്തെങ്കിലും ഓഫർ പുതുതായി നൽകുമോ എന്നതും ബൈക്ക് പ്രേമികൾ ആകാംക്ഷയോടെ നോക്കുന്ന കാര്യമാണ്.