പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കാരനായ ഒരു യുവ ഗജകേസരിയെ നമുക്കിന്ന് ആനക്കാര്യത്തിൽ പരിചയപ്പെടാം. ലിബർട്ടി ഉണ്ണിക്കുട്ടൻ. വരുംകാല ഉത്സപറമ്പുകളിൽ ഇവന് ധാരാളം ആരാധകരുണ്ടാകുമെന്ന് ഉറപ്പാണ്. കേരളത്തിന് പുറത്തുനിന്നും വന്ന ഉണ്ണിക്കുട്ടൻ ഒരു മോഴയാണ്. എന്നുവച്ചാൽ കൊമ്പില്ലാത്ത ആൺ ആന. ഉണ്ണിയുടെ അമ്മ കുമളിയിലെവിടെയോ ഒരു റിസോർട്ടിൽ ജീവിച്ചിരുപ്പുണ്ട്. എന്നാൽ അതൊന്നും ഉണ്ണിക്കുട്ടന് അറിയില്ല കേട്ടോ.

വീട്ടിലെ ചെറിയ പെൺകുട്ടിക്ക് വരെ കൊണ്ട് നടക്കാവുന്ന ശാന്തനായ ആനയാണ് ലിബർട്ടി ഉണ്ണിക്കുട്ടൻ. മനുഷ്യരുമായും മറ്റ് മൃഗങ്ങളുമായും നല്ല സൗഹൃദം ആനയ്‌ക്കുണ്ട്. അതിൽ ഒന്നാണ് സ്ഥിരം പോകുന്ന വഴിയിലെ കടയും കടനടത്തുന്ന കൃഷ്‌ണേട്ടനും. പിന്നെ ഉണ്ണിക്കുട്ടന്റെ മറ്റൊരു സുഹൃത്ത് ഒരു പോത്താണ്. വഴിയിലെവിടെ ഉണ്ണിക്കുട്ടനെ കണ്ടാലും സ്‌നേഹത്തോടെ അടുത്തുവരും ഇവൻ.കേരളത്തിലെ പ്രസിദ്ധമായ ഉത്സവങ്ങളായ തൃശൂർ പൂരത്തിലും നെന്മാറ വല്ലങ്ങി വേലയിലുമെല്ലാം ഉണ്ണിക്കുട്ടൻ പങ്കെടുക്കാറുണ്ടിപ്പോൾ. മൂന്നാം പാപ്പാന് വരെ ധൈര്യമായി കൊണ്ടുനടക്കാം ഇവനെ.