
തിരുവനന്തപുരം : സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവൻ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചൊവ്വാഴ്ച കരിദിനം ആചരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.
കോൺഗ്രസ് ഒരിക്കലും അക്രമത്തിന് തുനിഞ്ഞില്ല. കറന്‍സി കടത്തലുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണം നേരിടുന്ന മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നത് തെറ്റാണോയെന്ന് സി.പി.എം വ്യക്തമാക്കണം. വിമാനത്തില്‍ ആദ്യം ആക്രമണവും കൈയാങ്കളിയും നടത്തിയത് എൽ.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ്. രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൃഗീയമായാണ് വിമാനത്തിനുള്ളില്‍ ഇ.പി. ജയരാജന്‍ ആക്രമിച്ചത്. ഇരുവര്‍ക്കും ഗുരുതരമായ പരിക്കുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മദ്യപാനികളായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. എന്നിട്ടും കോണ്‍ഗ്രസ് സംയമനം പാലിച്ചു. അക്രമത്തിന്‍റെ പാത തിരഞ്ഞെടുത്തില്ല. ആത്മരക്ഷാര്‍ത്ഥം പ്രതിരോധിക്കേണ്ട അവസ്ഥയാണ് കോണ്‍ഗ്രസനെന്നും സുധാകരൻ പറഞ്ഞു.
സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും സി.പി.എം നിഷേധിക്കുകയാണ്. കെ.പി.സി.സി ആസ്ഥാനമെന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. അതിന് നേരെയാണ് സി.പി.എം അക്രമം അഴിച്ച് വിട്ടത്. കലാപത്തിലേക്ക് നാടിനെ തള്ളവിടുകയാണ് സി.പി.എം. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം എന്തിനാണെന്ന് മനസിലാകുന്നില്ലെങ്കില്‍ എല്‍.ഡി.എഫ് കണ്‍വീനറിന്‍റെ മനോനിലയ്ക്ക് സാരമായ പ്രശ്നമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.