
ബംഗളൂരു: പാർട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചു എന്ന സംശയത്തെ തുടർന്ന് അറസ്റ്റിലായ സിദ്ധാന്ത് കപൂറിനും നാല് സുഹൃത്തുക്കൾക്കും ജാമ്യം. സമൻസ് ലഭിക്കുന്ന മുറയ്ക്ക് ഇവർ പൊലീസിന് മുന്നിൽ ഹാജരാകണം.
പ്രശസ്ത ബോളിവുഡ് താരമായ ശക്തി കപൂറിന്റെ മകനും ശ്രദ്ധ കപൂറിന്റെ സഹോദരനുമായ സിദ്ധാന്ത് കപൂറിനെ ഞായറാഴ്ചയാണ് ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എംജി റോഡിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മയക്കുമരുന്ന് ഉപയോഗിച്ചെന്ന് സംശയം തോന്നിയ 35പേരുടെ സാമ്പിളും ശേഖരിച്ചിരുന്നു. സംഭവത്തിൽ സിദ്ധാന്ത് കപൂറടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പരിശോധനയിൽ ഡസ്റ്റ്ബിന്നിന് സമീപം രണ്ട് പാക്കറ്റ് മയക്കുമരുന്ന് കണ്ടെടുത്തിരുന്നു. ഒരു പാക്കറ്റിൽ റോസ് നിറത്തിലുള്ള നാല് ഗുളികകളും മറ്റേതിൽ നീല നിറത്തിലുള്ള മൂന്ന് ഗുളികകളുമാണ് ഉണ്ടായിരുന്നത്.
അറിയപ്പെടുന്ന നടൻ കൂടിയാണ് സിദ്ധാന്ത് കപൂർ. 2020-ൽ പുറത്തിറങ്ങിയ 'ബൗകാൽ' എന്ന വെബ് സീരീസിൽ ചിന്തു ദേധ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 'ഷൂട്ടൗട്ട് അറ്റ് വഡാല', 'അഗ്ലി', 'ഹസീന പാർക്കർ', 'ചെഹ്രെ' തുടങ്ങിയ നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചു. 'ഭാഗം ഭാഗ്', 'ചപ് ചുപ് കേ' തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.