vikram

ബോക്‌സോഫീസിൽ തേരോട്ടം തുടരുകയാണ് കമലഹാസൻ നായകനായെത്തിയ വിക്രം. മാനഗരം, കൈതി, മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം തമിഴ്‌നാട്ടിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ വൻവിജയമായി മാറിക്കഴിഞ്ഞു. ഒട്ടുമിക്ക ബോക്‌സോഫീസ് റെക്കോഡുകളും വിക്രം തകർത്തുകഴിഞ്ഞു.

കമലിനെക്കൂടാതെ ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരേൻ, ഗായത്രി ശങ്കർ, അർജുൻ ദാസ്, ഹരീഷ് പേരടി എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. വിക്രം എന്ന ചിത്രത്തിലൂടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിക്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്.

300 കോടിയാണ് വിക്രം പത്ത് ദിവസങ്ങൾ കൊണ്ട് നേടിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി 100 കോടിയിലേറെ കളക്ഷന്‍ നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് 30 കോടിയിലേറെ വരുമാനവും ചിത്രം സ്വന്തമാക്കി.

അരുണ്‍ വിജയ് നായകനാകുന്ന 'യാനൈ' എന്ന ചിത്രം റിലീസ് മാറ്റിവച്ചിരിക്കുകയാണ്. ജൂണ്‍ 17നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. അടുത്ത മാസം ഒന്നിലേക്കാണ് റിലീസ് മാറ്റിവച്ചിരിക്കുന്നത്. വിക്രം മികച്ച വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിയത്. കമലഹാസന്റെ വിക്രം എന്ന ചിത്രത്തിന് റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന വിജയം ഉണ്ടാകട്ടെയെന്ന ആശംസകൾ നേർന്ന് കൊണ്ടാണ് 'യാനൈ'യുടെ റിലീസ് മാറ്റിയ വിവരം അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ചുരുക്കം ചില റെക്കോർഡുകൾ മാത്രമാണ് ഇനി കമലഹാസൻ ചിത്രത്തിന് മുന്നിലുള്ളത്. കേരളത്തിൽ നിന്നും ഏറ്റവുമധികം കളക്ഷൻ നേടിയ തമിഴ് ചിത്രമെന്ന നേട്ടം വിക്രം നേടിയിട്ടുണ്ട്. 19 കോടിയോളം നേടിയ വിജയ്‌യുടെ ബിഗിലിനെ പിന്തള്ളിയാണ് വിക്രം ഈ നേട്ടം സ്വന്തമാക്കിയത്.

തമിഴ്‌നാട്ടിലെ ഉയർന്ന ഗ്രോസറായ ബാഹുബലി 2-നെ തകർക്കാനുള്ള കുതിപ്പിലാണ് വിക്രം. തമിഴ്‌നാട് ബോക്‌‌സോഫീസിൽ നിന്നും ബാഹുബലി 2 നേടിയത് ഏകദേശം 155 കോടി രൂപയായിരുന്നു. കെ.ജി.എഫ് 2 ഏകദേശം 100 കോടി രൂപ നേടിയപ്പോൾ ആർ.ആർ.ആർ തമിഴ്‌നാട്ടിൽ ഏകദേശം 75 കോടി രൂപ നേടിയിരുന്നു. തമിഴ്‌നാട്ടിൽ നിന്നും ഇതുവരെ 130 കോടിയോടടുത്ത് നേടിയ ചിത്രം ബാഹുബലിയെ വീഴ്‌ത്തുമെന്ന് അനലിസ്‌റ്റുകൾ പറയുന്നു.

രജനീകാന്തിന്റെ 2.0 യാണ് ഏറ്റവുമധികം കളക്ഷൻ നേടിയ തമിഴ് ചിത്രം. ഏകദേശം 850 കോടിയോളം വേൾഡ് വെെഡ് കളക്ട് ചെയ്യാൻ ചിത്രത്തിനായി. മുന്നൂറ് കോടിയും കടന്ന് കുതിക്കുന്ന വിക്രം ഈ റെക്കോർഡ് തകർക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.