k-muralidharan

കോഴിക്കോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധിച്ചതിനെത്തുടർന്ന് കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ എം പി.

'വിമാനത്തിനുള്ളിൽ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. വാക്കുകളിലൂടെ മാത്രമുള്ള പ്രതിഷേധം തെറ്റല്ല. എന്നാൽ പ്രതിഷേധിച്ചവരെ വിമാനത്തിനകത്ത് വച്ച് ഇ പി ജയരാജൻ ചവിട്ടി. ഇ പിയ്ക്കെതിരെ കേസ് എടുക്കണം. പക്ഷേ കേരള പൊലീസ് കേസെടുക്കുമെന്ന് തോന്നുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം- സിവിൽ ഏവിയേഷൻ എന്നിവ‌ർക്ക് പരാതി നൽകുന്ന കാര്യം ആലോചിച്ച് തീരുമാനമെടുക്കും'- മുരളീധരൻ പറഞ്ഞു.

'ഗാന്ധി പ്രതിമയുടെ തല സിപിഎമ്മുകാർ വെട്ടി. അവർ ആർഎസ്‌എസിന് തുല്യരാണ്. മുഖ്യമന്ത്രിയെ സംരക്ഷിക്കുമെന്ന് സിപിഎം പറയുന്നു. എന്നാൽ ആഭ്യന്തര വകുപ്പ് പരാജയമാണെന്നതിന് തെളിവാണിത്. വിമാനത്തിൽ പ്രതിഷേധിച്ചവർ കാണിച്ചത് ജനവികാരം മാത്രമാണ്. ആയുധമില്ലാതെ മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തത്. അവരെ പാർട്ടി സംരക്ഷിക്കും. തെരുവിൽ നേരിട്ടാൽ തിരിച്ചും നേരിടും. ഞങ്ങൾ പ്രതിപക്ഷമാണ്. നാട്ടിൽ സമാധാനമുണ്ടാക്കേണ്ടത് പ്രതിപക്ഷത്തിന്റെ ചുമതലയല്ല. ജനങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടത് ഭരിക്കുന്നവരാണ്. ഇനി ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല. ഇനി പൊലീസിൽ പരാതിയുമില്ല. അടിച്ചാൽ തിരിച്ചടി'- കെ മുരളീധരൻ വ്യക്തമാക്കി.