sreenivas

ന്യൂഡൽഹി: പൊലീസിന്റെ കൈയിൽ നിന്നും രക്ഷപ്പെട്ടോടുന്ന യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ബി വി ശ്രീനിവാസിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. നാഷണൽ ഹെറാൾഡ് കേസിൽ ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം നടക്കുന്നത്.

ബിജെപി നേതാക്കളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് വീഡിയോ പുറത്തു വന്നത്. പ്രതിഷേധ സമരത്തിൽ പങ്കെടുക്കാനെത്തിയ ശ്രീനിവാസിന്റെ കാർ പൊലീസ് തടയുകയും അദ്ദേഹം പുറത്തിറങ്ങകയും ചെയ്യുന്നുണ്ട്. വാതിൽ തുറന്ന ശ്രീനിവാസന്റെ തോളിൽ കൈയിട്ട് സിനിമാ സ്റ്റൈലിൽ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. എന്നാൽ,​ നിമിഷനേരം കൊണ്ടാണ് പൊലീസുകാരന്റെ കൈയിൽ നിന്നും ശ്രീനിവാസ് രക്ഷപ്പെട്ടോടുന്നത്.

History tells us nobody ever ran away, tail tucked between legs, when police cracked down on satyagrahis. They faced lathis, bullets and like Veer Savarkar, even jail and kala pani.
cc: @srinivasiyc close aide of National Herald scam accused @RahulGandhi pic.twitter.com/vgu3oKrpqb

— Kanchan Gupta 🇮🇳 (@KanchanGupta) June 13, 2022

‘സത്യഗ്രഹികളെ നേരിടാൻ പൊലീസ് വരുമ്പോൾ ആരും ഓടിപ്പോയിട്ടില്ലെന്നാണു ചരിത്രം പറയുന്നത്. അവർ ലാത്തികളും ബുള്ളറ്റുകളും നേരിട്ടു, ജയിലിൽ കിടന്നു, വീര സവർക്കറെപ്പോലെ’ എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം സീനിയർ അഡ്വൈസർ കാഞ്ചൻ ഗുപ്ത ട്വീറ്റ് ചെയ്തിരിക്കുന്നത്.

സംഭവം ചർച്ചയായതോടെ മറുപടിയായി ശ്രീനിവാസ് മറ്റൊരു വീഡിയോ പങ്കുവച്ചു. പൊലീസിന്റെ കൈയിൽ നിന്നും ഓടുന്ന വീഡിയോയ്‌ക്കൊപ്പം ഇ ഡി ഓഫീസിന് മുന്നിൽ പ്രതിഷേധം നയിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുന്നതിന്റെയും വിഡിയോകൾ കൂടി അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ആദ്യം നിങ്ങളെ അവർ അവഗണിക്കും. പിന്നെ പരിഹസിക്കും,​ പിന്നെ ആക്രമിക്കും,​ എന്നിട്ടായിരിക്കും വിജയം എന്ന ഗാന്ധിജിയുടെ പ്രശസ്തമായ വരികളും വീഡിയോയ്ക്കൊപ്പം അദ്ദേഹം ട്വീറ്റ് ചെയ്‌തിട്ടുണ്ട്. രാഹുലിനെ കഴിഞ്ഞ ദിവസം 10 മണിക്കൂറോളം ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇന്നും ചോദ്യം ചെയ്യൽ തുടരും.

"First they ignore you, then they laugh at you, then they fight you, then you win." - Mahatma Gandhi pic.twitter.com/F4EkN2mbe9

— Srinivas BV (@srinivasiyc) June 13, 2022