
കനത്ത സുരക്ഷാ സന്നാഹങ്ങൾ മറികടന്ന് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധമുയർത്തിയത് കൈവിട്ട കളിയായി മാറിയിരുന്നു. ഈ സംഭവത്തിന് ശേഷം സംസ്ഥാന വ്യാപകമായി സി പി എം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ച് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രംഗത്തെത്തുകയും കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് കല്ലെറിയുകയും, ബോർഡുകളും മറ്റും തകർക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നെന്ന് വിമാനത്തിലുണ്ടായിരുന്ന ഇ പി ജയരാജൻ ആരോപിച്ചിരുന്നു. എന്നാൽ ഇതിന് തടയിടാനായി തങ്ങളുടെ മെഡിക്കൽ പരിശോധന നടത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുകയും ചെയ്തു.
ഇ പി ഊതിയാ പറക്കുന്നവരാണോ ഊത്തൻമാർ എന്ന് പരിഹസിച്ചു കൊണ്ട് ജയരാജന്റെ ആരോപണത്തിന് ശക്തിപകരുകയാണ് എം എം മണി എം എൽ എ. കോൺഗ്രസ് പ്രവർത്തകർ വീണതല്ലാ സ്രാഷ്ടാംഗം പ്രണമിച്ചതാണ് കേട്ടോ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.