vd-satheesan

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുത്തതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രണ്ട് പ്രതിഷേധ മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ വധശ്രമത്തിന് കേസെടുത്തിരിക്കുകയാണ്. ഇവർ മദ്യപിച്ചിരുന്നുവെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

'ആരാണ് ഈ അക്രമം തുടങ്ങിയത്? സി പി എമ്മാണ് കേരളത്തിൽ ഭീകരപ്രവർത്തനം നടത്തുന്നത്. ഞങ്ങൾ ഈ സമരവുമായി മുന്നോട്ടുപോകും. അഞ്ച് ദിവസം കറുപ്പിനോട് അലർജിയായിരുന്നു. ഏറ്റവും അവസാനത്തെ പരിപാടിയിലാണ് മുഖ്യമന്ത്രി കറുപ്പിനെ സ്‌നേഹിച്ചുതുടങ്ങിയത്.

ഇപ്പോൾ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മാസ്‌ക് മാറ്റിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പോകുന്നു. ഞാൻ പണ്ടു കരുതിയിരുന്നത് പിണറായി വിജയൻ കൂടെ നിൽക്കുന്ന ഉദ്യോഗസ്ഥരെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നാണ്. ഇപ്പോൾ ആ മുഖ്യമന്ത്രിയല്ല പിണറായി വിജയൻ.'- വി ഡി സതീശൻ വ്യക്തമാക്കി. വഴിയരികിൽ നിന്ന് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചാൽ അതെങ്ങനെയാണ് ആക്രമണമാവുകയെന്നും അദ്ദേഹം ചോദിച്ചു.