
പത്താം ക്ലാസ് മുതൽക്കുള്ള പരീക്ഷകളുടെ റിസൾട്ട് വരുമ്പോൾ ചങ്കിടിപ്പ് കൂടുന്നവരേറെയാണ്. പ്രതീക്ഷയുടെ അമിതഭാരം വീട്ടുകാർ കുട്ടികളുടെ ചുമലിൽ വയ്ക്കുന്നതാണ് സമ്മർദ്ദത്തിനുള്ള പ്രധാന കാരണം. എന്നാൽ പരീക്ഷകളിലെ ഫലം ഒന്നുമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ഗുജറാത്തിലെ ബറൂച്ചിലെ ജില്ലാ കളക്ടറായ തുഷാർ ഡി സമേര. ജീവിത വിജയം നിർണയിക്കുന്നതിൽ പരീക്ഷകളുടെ ഫലത്തിന് വലിയ പങ്കില്ലെന്നാണ് അദ്ദേഹത്തിന്റെ ജീവിതം തെളിയിക്കുന്നത്.
തുഷാർ ഡി സമേരയുടെ സഹ ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണാണ് ബറൂച്ച് ജില്ലാ കളക്ടറുടെ പത്താം ക്ലാസിലെ മാർക്ക് ലിസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം തുഷാറിന്റെ ഫോട്ടോയും അദ്ദേഹം ചേർത്തിരുന്നു. ഇംഗ്ലീഷിന് 35 മാർക്കും കണക്കിന് 36 ഉം സയൻസിന് 38 ഉം മാർക്കുമാണ് പത്താം ക്ലാസിൽ തുഷാർ ഡി സമേരയ്ക്ക് ലഭിച്ചത്. സാധാരണ വിദ്യാർത്ഥികൾക്ക് കടുകട്ടിയായ വിഷയങ്ങളിൽ കഷ്ടിച്ച് പാസ് മാർക്ക് മാത്രമാണ് ഈ ഐ എ എസ് ഉദ്യോഗസ്ഥന് ലഭിച്ചത്. എന്നാൽ ഇതിൽ തളരാൻ അദ്ദേഹം തയ്യാറായില്ല. ഈ മാർക്കു കണ്ട് ജീവിതത്തിൽ ഒന്നും ആവില്ലെന്ന് നിരവധി പേർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പത്താംക്ലാസിൽ മികച്ച വിജയം നേടാനാവാതിരുന്ന തുഷാർ ആർട്സ് വിഷയങ്ങളെടുത്താണ് തുടർന്ന് പഠിച്ചത്. 2012ൽ സിവിൽ സർവീസ് പരീക്ഷ പാസായി ഐഎഎസ് നേടിയെടുത്തു. അതിന് മുൻപ് അദ്ധ്യാപകനായും ഇദ്ദേഹം ജോലി നോക്കി. പരീക്ഷകളിൽ അടിതെറ്റിയ നിരവധി പേർക്ക് പ്രചോദനമാണ് ഇന്ന് ഈ ഐ എ എസ് ഉദ്യോഗസ്ഥൻ.