
ന്യൂഡൽഹി : ചാനൽ ചർച്ചയ്ക്കിടെ ബി ജെ പി മുൻ വക്താവായിരുന്ന നൂപുർ ശർമ്മ നടത്തിയ വിവാദ പരാമർശങ്ങൾ ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന നൂപുർ ശർമ്മയുടെ വാക്കുകൾക്കെതിരെ അറബ് ലോകത്ത് നിന്നടക്കം ആക്ഷേപങ്ങളുയർന്നു. വിവാദങ്ങൾ കെട്ടടങ്ങി പ്രതിഷേധം തണുക്കുമ്പോൾ ഈ വിഷയത്തിൽ പ്രസ്താവനയുമായി രംഗത്ത് വരികയാണ് ഇന്ത്യയുടെ അയൽരാജ്യമായ ചൈന. 'എല്ലാ മതങ്ങളെയും ബഹുമാനിക്കണം' എന്നാണ് ചൈന പ്രതികരിച്ചിരിക്കുന്നത്.
ഉയിഗൂർ മുസ്ലീം വിഭാഗത്തിൽപ്പെട്ട ന്യൂനപക്ഷങ്ങളെ ക്യാമ്പുകളിൽ പാർപ്പിച്ച് ക്രൂരമായി പീഡിപ്പിക്കുന്ന ചൈനീസ് ഭരണകൂടം കഴിഞ്ഞ ദിവസമാണ് നൂപുർ ശർമ്മയുടെ വിവാദ പരാമർശത്തിൽ പ്രസ്താവന ഇറക്കിയത്. 'വിവിധ നാഗരികതകളും മതങ്ങളും പരസ്പരം ബഹുമാനിക്കുകയും തുല്യരായി ഒരുമിച്ച് ജീവിക്കുകയും ചെയ്യണമെന്ന് ചൈന എപ്പോഴും വിശ്വസിക്കുന്നു.' എന്നും ബന്ധപ്പെട്ട അധികാരികളും ഭരണകൂടവും സാഹചര്യം ശരിയായി കൈകാര്യം ചെയ്യുമെന്നും വിഷയത്തിൽ ബെയ്ജിംഗ് പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് പ്രസ്താവന പ്രത്യക്ഷപ്പെട്ടത്.
നൂപുർ ശർമ്മ നടത്തിയ പരാമർശങ്ങളെ ഇറാൻ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത് തുടങ്ങി നിരവധി രാജ്യങ്ങൾ വിമർശിച്ചു. ഇതേ തുടർന്ന് ബി ജെ പി നൂപുർ ശർമ്മയെയും ഡൽഹി മീഡിയ ഇൻ ചാർജ് നവീൻ ജിൻഡാലിനെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. വിവാദ പ്രസ്താവനയ്‌ക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച രാജ്യ വ്യാപകമായി പ്രതിഷേധം അലയടിച്ചിരുന്നു. നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് ഇവർ ഉയർത്തിയത്.