spos

ചത്തീസ്‌ഗഡിലെ ബലോഡ് ജില്ലയിലെ ഗ്രാമങ്ങളിൽ അക്രമം നടന്നാൽ ആദ്യമെത്തുക ചുവന്ന തൊപ്പിയണിഞ്ഞ സ്ത്രീകൾ ആയിരിക്കും. ഇവർ പട്ടാളത്തിന്റെയോ പൊലീസിന്റെയോ ഭാഗമല്ല മറിച്ച്, സാധാരണ വീട്ടമ്മമാരാണ്. ഈ ഗ്രാമങ്ങളിലെ ക്രമസമാധാനം നിലനിർത്തുന്നത് ഈ വീട്ടമ്മമാരാണ് എന്ന് തന്നെ പറയാനാകും. ഇവർ‌ക്ക് ഔദ്യോഗികമായി പേരും പൊലീസ് നൽകിയിട്ടുണ്ട്. സൂപ്പർ പൊലീസ് കമാൻഡോസ് (എസ്‌പിഒ). പൊലീസ് എന്ന പേരുണ്ടെങ്കിലും ഇവരുടെ ആകെയുള്ള യൂണിഫോം ചുവന്ന തൊപ്പിയാണ്.

സംഘടനയുടെ തുടക്കം

ഈ മഹിളാ കമാൻഡോ ബ്രിഗേഡിന് ആദ്യമായി രൂപം നൽകിയത് 2006ൽ ഷംഷഡ് ബീഗമാണ്. 2012ലെ പദ്മശ്രീ പുരസ്കാര ജേതാവാണ് ആക്ടിവിസ്റ്റ് കൂടിയായ ഷംഷഡ് ബീഗം. ഗാർഹിക പീഡനം അനുഭവിച്ച ഏകദേശം നൂറ് സ്ത്രീകളെ ഒരുമിച്ച് കൂട്ടിയാണ് ബീഗം ഈ സംഘടന ആരംഭിച്ചത്. ഇവരിൽ ചിലർ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെട്ടുവന്നവർ കൂടിയാണ്.

സൂപ്പർ പൊലീസ് കമാൻഡോസ്

നൂറ് പേരുമായി തുടങ്ങിയ സംഘടനയിൽ ഇന്ന് 15,000 ഓളം അംഗങ്ങളാണുള്ളത്. മുപ്പത് ഗ്രാമങ്ങളിലായി ഇവർ പ്രവർത്തിച്ചുവരുന്നു. ഗാർഹിക പീഡനം, സ്ത്രീധന പീഡനം, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, അനധികൃത മയക്കുമരുന്ന് വിൽപ്പന തുടങ്ങിയ വ്യാപകമായ കുറ്റകൃത്യങ്ങൾ തടയുന്നതിനായാണ് ഇവർ പ്രവർത്തിക്കുന്നത്. സംഘങ്ങളായി ചേർന്ന് എല്ലാ ദിവസവും ഗ്രാമങ്ങളിൽ പെട്രോളിംഗ് നടത്തി അക്രമങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നു. മാത്രമല്ല മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നിവയിൽ നിന്ന് മുക്തി നേടാൻ ആഗ്രഹിക്കുന്നവർക്കായി കൗൺസലിംഗും നൽകി വരുന്നു.

പൊലീസിൽ നിന്ന് പിന്തുണ

2016ൽ ബലോഡ് പൊലീസ് സൂപ്രണ്ടായിരുന്ന ആരിഫ് ഹുസൈൻ ഷെയിഖാണ് വനിതാ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുകയും എസ്‌പിഒ എന്ന പദവി നൽകുകയും ചെയ്തത്. എല്ലാ ഗ്രാമങ്ങളിലെയും ഓരോ വാർഡിൽ നിന്നായി പത്ത് പേരെ തിരഞ്ഞെടുത്ത് അവർക്ക് എസ്‌പിഒ എന്ന പേരും ഒരു തൊപ്പിയും വിസിലും നൽകി.