
വാട്സാപ്പ് നൽകുന്ന സേവനങ്ങളിൽ വച്ച് ഏറ്റവും സഹായകമായ ഒന്നാണ് ഗ്രൂപ്പുകൾ. ഒട്ടേറെപ്പേരെ ഒന്നിച്ചു നിറുത്തി ആശയവിനിമയം എളുപ്പമാക്കാൻ നമ്മെ സഹായിക്കുന്ന സൗകര്യമാണ് ഗ്രൂപ്പുകൾ. ആശയങ്ങൾ ചർച്ച ചെയ്യുക, തീരുമാനങ്ങൾ രൂപീകരിക്കുക, ചർച്ചകൾ സുഗമമാക്കുക തുടങ്ങി ഒട്ടേറെ സാദ്ധ്യതകളാണ് വാട്സാപ്പ് ഗ്രൂപ്പുകൾ നമുക്ക് മുന്നിൽ തുറന്നിടുന്നത്.
ഗ്രൂപ്പുകളുടെ ആണിക്കല്ലാണ് അതിലെ അംഗങ്ങൾ. ആ കാര്യത്തിൽ തന്നെയാണ് വാട്സാപ്പ് പഴി കേട്ടുകൊണ്ടിരുന്നതും. അംഗങ്ങളുടെ എണ്ണത്തിലായിരുന്നു വിമർശനം. ഒരു ഗ്രൂപ്പിൽ ചേർക്കാവുന്ന അംഗങ്ങളുടെ എണ്ണം 256 ആയിരുന്നു. ഇത് പല ഗ്രൂപ്പ് അഡ്മിൻമാർക്കും വലിയ തലവേദനയായിരുന്നു. അംഗങ്ങളുടെ ലിമിറ്റ് കഴിഞ്ഞാൽ പിന്നെ വരുന്നവരെ ആഡ് ചെയ്യാൻ പറ്റില്ല. അപ്പോൾ പലരും പരിഭവം പറയും. അത് ചിലപ്പോൾ ബന്ധങ്ങളുടെ കെട്ടുറപ്പിനെ തന്നെ ബാധിച്ചേക്കാം.
ഈ അവസ്ഥ ഒഴിവാക്കാൻ പല അഡ്മിൻമാരും കണ്ടെത്തിയിരുന്ന വഴി പുതിയ ഗ്രൂപ്പ് തുടങ്ങുക എന്നതായിരുന്നു. അത് അതിലും വലിയ തലവേദന ഉണ്ടാക്കുകയും ചെയ്യും. ഒരേ വിഷയത്തിലുള്ള ഒന്നിലധികം ഗ്രൂപ്പുകൾ നോക്കി നടത്തേണ്ട അവസ്ഥ വരുന്നു. ആ ഗ്രൂപ്പുകളിലെ എല്ലാ അംഗങ്ങളെയും നിയന്ത്രിക്കണം, സന്ദേശങ്ങൾ എല്ലാ ഗ്രൂപ്പുകളിലും ഇടണം, മറുപടിയും അഭിപ്രായങ്ങളും ക്രോഡീകരിക്കണം തുടങ്ങി ബുദ്ധിമുട്ടുകൾ അനവധിയാണ്.
ഈ പ്രശ്നത്തിന് പരിഹാരവുമായി വാട്സാപ്പ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വാട്സാപ്പിൽ ഇനി മുതൽ 512 അംഗങ്ങളെ വരെ ചേർക്കാം. അഡ്മിൻമാർക്ക് വളരെ ആശ്വാസമേകുന്ന വാർത്തയാണിത്. മെറ്റയുടെ ഈ തീരുമാനം ആദ്യം പുറത്ത് വിട്ടത് വാബീറ്റ ഇൻഫോയാണ്. കഴിഞ്ഞ മാസമായിരുന്നു അത്. അന്ന് മുതലേ എല്ലാവരും ഈ ഫീച്ചർ വരാനായി കാത്തിരുന്നു. നിലവിൽ ആൻഡ്രോയിഡ്, ഐ ഒ എസ് എന്നിവയിലെ വാട്സാപ്പ് ബീറ്റ ഉപയോക്തക്കൾക്കാണ് ഈ ഫീച്ചർ ലഭിക്കുന്നത്. അവർക്ക് 500 ലധികം പേരെ ഗ്രൂപ്പുകളിൽ ചേർക്കാം. ഒട്ടും വൈകാതെ തന്നെ ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭിക്കും.
ഇത് കൂടാതെ മറ്റ് ചില ഫീച്ചറുകളും വരും അപ്ഡേറ്റുകളിൽ ഉപയോക്താക്കൾക്ക് ലഭിക്കും. രണ്ട് ജി ബി വരെ സൈസുള്ള ഫയലുകൾ ഷെയർ ചെയ്യുക, ഡിലീറ്റ് ഫോർ മീ ഓപ്ഷൻ വഴി ഡിലീറ്റ് ആയിപ്പോയ സന്ദേശങ്ങൾ തിരിച്ചെടുക്കാനുള്ള അൺഡു ഓപ്ഷൻ, മെസേജ് എഡിറ്റ് ഓപ്ഷൻ തുടങ്ങിയവയാണവ. അടുത്തിടെ പുറത്തിറക്കിയ മെസേജ് റിയാക്ഷൻ, ഡൗൺലോഡ് അപ്‌ലോഡ് ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റഡ് സമയം എന്നീ ഫീച്ചറുകൾ എല്ലാ ഉപയോക്താക്കൾക്കും ലഭിച്ചു തുടങ്ങി.
ഗ്രൂപ്പുകളിൽ കൂടുതൽ പേരെ ചേർക്കാനുള്ള ഓപ്ഷൻ ഓഫീസുകൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളിലുള്ളവർക്ക് സഹായകമാകും. എന്നാൽ ടെലിഗ്രാമുമായി താരതമ്യം ചെയ്യുമ്പോൾ വാട്സാപ്പ് വളരെ പിന്നിലാണ്. ടെലിഗ്രാമിൽ ഏകദേശം രണ്ട് ലക്ഷം പേരെ വരെ ഒറ്റ ഗ്രൂപ്പിൽ ചേർക്കാൻ സാധിക്കും. വാട്സാപ്പിന്റെ ആൻഡ്രോയിഡ് പതിപ്പായ 2.22.12.10 ലും ഐ ഒ എസ് പതിപ്പായ 22.12.0.70 വിലുമായിരിക്കും പുതിയ അപ്ഡേറ്റ് ഉണ്ടാവുക.