congress-leaders-

കോട്ടയം: വാഴൂരിലും നെടുംകുന്നത്തും കോൺഗ്രസ് നേതാക്കൾ തമ്മിൽ കൈയാങ്കളി. വാഴൂരിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ഷിൻസ് പീറ്ററും ടി കെ സുരേഷ് കുമാറും തമ്മിലായിരുന്നു അടിപിടി. ഞായറാഴ്ചയാണ് വാഴൂരിൽ അടിപിടിയുണ്ടായത്. കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിക്ക് പിന്നാലെ ഇരുവരും തമ്മിലടിക്കുകയായിരുന്നു.

നെടുംകുന്നത് ഐഎൻടിയുസി നേതാവ് ജിജി പോത്തനും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോ തോമസ് പായിക്കാടനും തമ്മിലായിരുന്നു സംഘർഷം. തന്നെ പാർട്ടി പരിപാടികളിൽ വിളിക്കുന്നില്ലെന്ന് ജിജി പോത്തന് പരാതിയുണ്ടായിരുന്നു. ഇതിനെതുടർന്നുണ്ടായ തർക്കം റോഡരികിലെ അടിപിടിയിൽ കലാശിക്കുകയായിരുന്നു. ഇത് കണ്ടുനിന്ന സമീപത്തെ ഓട്ടോ ഡ്രൈവർമാരാണ് ഇവരെ പിടിച്ചുമാറ്റിയത്. ഇരുവരും പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം, വ്യക്തിപരമായ പ്രശ്‌നങ്ങളാണ് അടിപിടിയില്‍ കലാശിച്ചതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. വാഴൂരിലെ പ്രശ്‌നത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അവിടെ സംഘടനാപരമായ പ്രശ്‌നങ്ങളില്ലെന്നും ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. വാര്‍ത്തയറിഞ്ഞപ്പോള്‍ വിവരങ്ങള്‍ തിരക്കിയെന്നും സംഭവത്തില്‍ പരിശോധന നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നെടുംകുന്നത്തെ പ്രശ്‌നത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.