office-restrictions-

ഉദ്യോഗസ്ഥർക്കിടയിൽ അച്ചടക്കം ഉറപ്പാക്കുന്നതിനായി സ്ഥാപനങ്ങൾ നിർദ്ദേശങ്ങൾ നൽകാറുണ്ട്. മിക്കപ്പോഴും ഓഫീസ് നോട്ടീസ് ബോർഡിലോ, ഇമെയിലിലോ ആവും അത്തരം നിർദ്ദേശങ്ങൾ അറിയിക്കുക. ഇപ്പോഴിതാ കൃത്യസമയത്ത് ജോലിക്ക് ഹാജരാകാനായി വിചിത്രമായ ഒരു നിയമമാണ് ജീവനക്കാരുടെ മേൽ ഒരു സ്ഥാപനം ഏർപ്പെടുത്തിയത്. രാവിലെ കൃത്യ സമയത്ത് ജോലിക്ക് ഹാജരാകാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾ താമസിച്ച് എത്തുന്ന ഓരോ മിനിട്ടിനും പത്ത് മിനിട്ട് അധികമായി ജോലി ചെയ്യണം എന്നാണ് നിയമം. അതായത് ഒരാൾ പത്തിന് പകരം 10.02ന് ഓഫീസിൽ എത്തിയാൽ വൈകുന്നേരം 6.20 വരെ 20 മിനിട്ട് അധികമായി ജോലി ചെയ്യേണ്ടി വരും. സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി ഈ നോട്ടീസ് പ്രചരിക്കുന്നുണ്ട്. അതേസമയം ഏത് ഓഫീസാണ് ഇത്തരമൊരു നിയമം ഇറക്കിയതെന്ന് വ്യക്തമായിട്ടില്ല.

സമൂഹമാദ്ധ്യമങ്ങിൽ ഈ നിയന്ത്രണത്തോട് വിവിധ രീതികളിലാണ് ആളുകൾ പ്രതികരിക്കുന്നത്. സ്റ്റാർട്ടപ്പുകളായി ആരംഭിക്കുന്ന പുതുതലമുറയിലെ ഓഫീസുകളിൽ ഇത്തരത്തിലുള്ള നിയന്ത്രണങ്ങളുണ്ടെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. വൈകി വന്നതിന് ശമ്പളം വെട്ടിക്കുറയ്ക്കുന്ന രീതിയും ഇത്തരം കമ്പനികൾ പിന്തുടരുന്നുണ്ട്. വൈകി എത്തുന്ന ഓരോ മിനിട്ടിനും നൂറ് രൂപ വരെ ഇത്തരത്തിൽ വെട്ടിക്കുറയ്ക്കാറുണ്ടത്രേ. എന്നാൽ ടെക് കമ്പനികളിൽ എത്ര മണിക്കൂർ എന്നതല്ല എത്ര ജോലി ചെയ്തു എന്നതാണ് മാനദണ്ഡം.

ഇപ്പോൾ പ്രചരിക്കുന്ന നോട്ടീസ് ഓഫീസിൽ അച്ചടക്കം കൊണ്ടുവരാൻ നല്ലതാണെന്ന അഭിപ്രായം പങ്കുവയ്ക്കുന്നവരും ഉണ്ട്. ജീവനക്കാർ കൃത്യസമയത്ത് എത്താത്തത് ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ കമ്പനികൾക്ക് തടസമാകാറുണ്ട്. അതിനാൽ മാനേജർ ഉൾപ്പെടെ എല്ലാ ആളുകൾക്കും കർശനമായ നിയമം ഉണ്ടാകേണ്ടത് ആവശ്യമാണ്. അതേസമയം നോട്ടീസിലെ നിയമം അനുസരിച്ച് ഒരാൾ ആറ് മിനിട്ട് നേരത്തെ എത്തിയാൽ ഒരു മണിക്കൂർ മുൻപ് ഓഫീസിൽ നിന്നും പോകാനാവുമോ എന്നും സമൂഹമാദ്ധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തിയവർ ചോദിക്കുന്നു.