വീണ്ടും അവാർ‌ഡ് നിർണയ ജൂറിക്കെതിരെ വിമർശനവുമായി നടൻ ഷെെൻ ടോം ചാക്കോ. 'അടിത്തട്ട്' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിലാണ് നടന്റെ പ്രതികരണം.

ഇക്കഴിഞ്ഞ സംസ്ഥാന അവാർഡുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിന്നാലെയാണ് ഷെെൻ പൊട്ടിത്തെറിച്ചത്. മലയാളം അറിയാത്ത ആളാണ് ജഡ്‌ജ് ചെയ്യാൻ എത്തുന്നതെന്ന് ഷെെൻ പറഞ്ഞു.

'കുറുപ്പ്' എന്ന ചിത്രത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പരിഗണിക്കാതിരുന്നതുമായി ബന്ധപ്പെട്ടായിരുന്നു മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം. നേരത്തെയും ജൂറിക്കെതിരെ വിമർശനവുമായി എത്തിയിരുന്നു.

shine

'പടം ചെയ്യുമ്പോൾ അവാർഡ് കിട്ടണമെന്ന് എല്ലാക്കൊല്ലവും ആഗ്രഹിക്കാറില്ല. ചില പടം ചെയ്യുമ്പോൾ അങ്ങനെ തോന്നാറുണ്ട്. എല്ലായ്‌പ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല. നമ്മുടെ നാട്ടുകാർ തന്നെ ജഡ്‌ജ് ചെയ്‌താൽ പോരേ. മലയാളം മോണോ ആക്‌ടിൽ ഹിന്ദിക്കാരെ പിടിച്ചിരുത്തില്ലല്ലോ. മാദ്ധ്യമപ്രവർത്തകരാണ് അവാർഡ് എന്നും പറഞ്ഞ് ഫോൺ ചെയ്‌തത് ഇന്റർവ്യൂ എടുക്കാൻ. അവാർഡ് പിടിച്ചുവാങ്ങാൻ പറ്റില്ല.

140 പടം കാണാൻ എത്ര ദിവസം എടുത്തു. അഞ്ച് ദിവസം കൊണ്ട് ഇത്രയും പടം കണ്ടാൽ ഭ്രാന്ത് പിടിക്കില്ലേ അയാൾക്ക്. അതും വേറെ ഭാഷ. അയാൾക്ക് കിളി പോയിട്ടുണ്ടാവും. വേറൊന്നും അടിക്കണ്ട' - ഷെെൻ പറഞ്ഞു. ഇടയ്ക്ക് മെെക്ക് എടുത്ത് സംസാരിക്കാൻ പറഞ്ഞപ്പോഴും മെെക്കൊന്നും വേണ്ടെന്നും ഷെെൻ പറഞ്ഞിരുന്നു.

shine

സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രമായി എത്തുന്ന 'അടിത്തട്ട്' ജിജോ ആന്റണിയാണ് സംവിധാനം ചെയ്യുന്നത്. പൂര്‍ണമായും നടുക്കടലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മികച്ച സാങ്കേതിക വിദ്യയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.