പിസ ഇഷ്ടമല്ലാത്തവർ വിരളമായിരിക്കും. പ്രത്യേകിച്ച് കുട്ടികൾക്ക്. എന്നാൽ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിലെ ഭക്ഷണം അല്ലാത്തതിനാൽ പലരും പിസ ഒഴിവാക്കുകയാണ് പതിവ്. മാത്രമല്ല അടുത്തിടെ ഏറെ വ്യാപകമായ ഭക്ഷ്യവിഷബാധയുടെ ഭയം മൂലം ഇത്തരം ആഹാരങ്ങൾ ഒഴിവാക്കുന്നവരും ഏറെയാണ്. പിസ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാമെന്ന കാര്യം എത്രപേർക്കറിയാം? ഓവൻ ഇല്ലാതെ ഫ്രയിംഗ് പാനിൽ പിസ തയ്യാറാക്കി നോക്കിയാലോ?
പിസ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
ഒന്നര കപ്പ് മൈദ മാവ്
ഒരു ടേബിൾ സ്പൂൺ പഞ്ചസാര
ഒരു ടീ സ്പൂൺ ഈസ്റ്റ്
അര കപ്പ് ഇളം ചൂടുള്ള പാൽ ( ഇളം ചൂടുള്ള വെള്ളവും ഉപയോഗിക്കാവുന്നതാണ്)
എണ്ണ
ഒരു സവാള ചെറുതായി അരിഞ്ഞത്
മൂന്ന് തക്കാളി
വെളുത്തുള്ളി
വറ്റൽമുളക് പൊടിച്ചത്
കുരുമുളക് പൊടി
ചിക്കൻ ഫ്രൈ ചെയ്ത് ചെറിയ കഷ്ണങ്ങളാക്കിയത് (നോൺ-വെജ് വേണ്ടവർ)
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിൽ ഒരു ടീ സ്പൂൺ ഈസ്റ്റ്, ഒരു ടേബിൾ സ്പൂൺ പഞ്ചസാര, അര കപ്പ് ഇളം ചൂടുള്ള പാൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇത് പുളിക്കുന്നതിനായി മാറ്റി വയ്ക്കണം.
മറ്റൊരു ബൗളിൽ ഒന്നര കപ്പ് മൈദ എടുത്ത ശേഷം അതിൽ ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ എണ്ണ ചേർക്കണം. മൂന്നും നന്നായി യോജിപ്പിക്കണം.
ഇതിലേയ്ക്ക് പുളിക്കാൻ വച്ച പാൽ ചേർത്ത് നന്നായി യോജിപ്പിച്ച് ചപ്പാത്തിക്കെന്ന പോലെ കുഴയ്ക്കണം.
മാവ് കുഴച്ചതിന് മുകളിൽ അൽപ്പം എണ്ണ ചേർത്തതിന് ശേഷം ബൗളിന് മുകളിൽ ഒരു കോട്ടൺ തുണിക്കൊണ്ട് മൂടുക. ഇത് മൂന്ന് മുതൽ നാല് മണിക്കൂർ വരെ മാറ്റി വയ്ക്കണം.
പിസ സോസ് തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ചതിന് ശേഷം അതിൽ മൂന്ന് തക്കാളി വേവിച്ചെടുക്കണം. അഞ്ച് മിനിട്ട് നേരത്തേയ്ക്ക് വേവിക്കണം.
വെന്ത തക്കാളി ചൂടാറിയതിന് ശേഷം തൊലിക്കളഞ്ഞ് മിക്സിയിൽ നന്നായി അടിച്ചെടുക്കണം.
പാൻ ചൂടാക്കിയ ശേഷം ഒരു ചെറിയ സവോള ചെറുതായി അരിഞ്ഞതും ആറ് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റണം.
സവോള വഴറ്റിയതിലേയ്ക്ക് ഒരു ടീസ്പൂൺ വറ്റൽമുളക് പൊടിച്ചത്, ഒരു ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടീസ്പൂൺ മുളക് പൊടി, എന്നിവ നന്നായി യോജിപ്പിച്ച ശേഷം തക്കാളി അടിച്ചുവച്ചത് ചേർത്ത് നന്നായി യോജിപ്പിക്കണം. ഇത് മൂന്ന് മിനിട്ട് നേരത്തേയ്ക്ക് വേവിക്കണം. ഒന്ന് കുറുകി വന്നതിന് ശേഷം ഒരു സ്പൂൺ വെണ്ണ ചേർക്കാം.
ഒരു പാൻ എടുത്ത് അൽപ്പം എണ്ണ ഒഴിച്ച് തടവിയതിന് ശേഷം പിസയ്ക്ക് ആവശ്യമായ കനത്തിൽ മാവ് അതിൽ വച്ച് പരത്തുക. ഇത് അടച്ചുവച്ച് ചെറിയ തീയിൽ അഞ്ച് മിനിട്ട് വേവിക്കണം. ഇരുവശവും വേവിക്കണം.
തീ അണച്ചതിന് ശേഷം നേരത്തെ തയ്യാറാക്കിയ സോസ് പിസ ക്രസ്റ്റിന് മുകളിലായി തേക്കണം. ഇതിലേയ്ക്ക് ചീസ് ചെറുതായി അരിഞ്ഞത് ചേർക്കാം
ഇതിന് മുകളിലായി സവോള, കാപ്സിക്കം, തക്കാളി, ചിക്കൻ ഫ്രൈ ചെയ്തതിന്റെ കഷ്ണങ്ങൾ എന്നിവ ചേർക്കണം. ഇതിന് മുകളിലായി കുറച്ച് ചീസ് കൂടെ ചേർക്കണം
പാൻ അടച്ചുവച്ച് പതിനഞ്ച് മിനിട്ട് ചെറിയ തീയിൽ വേവിക്കണം. പിസ തയ്യാർ!