
ശീതീകരിച്ച മുറിയിൽ ടെക്കിയായി ജോലി ചെയ്ത കർണാടക സ്വദേശിയായ ശ്രീനിവാസ് ഗൗഡ ജോലി ഉപേക്ഷിച്ച് കഴുത ഫാം തുടങ്ങിയപ്പോൾ എല്ലാവരും നെറ്റി ചുളിച്ചു. എന്നാൽ തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. ദക്ഷിണ കന്നഡ ജില്ലയിലാണ് 42 കാരനായ ശ്രീനിവാസ് കഴുത ഫാം തുടങ്ങിയത്. ഈ മാസം എട്ടിനാണ് ഫാം തുറന്നത്.
ഇരുപത് കഴുതകളുമായാണ് ശ്രീനിവാസ് ഫാം ആരംഭിച്ചത്. ദിവസങ്ങൾ കഴിയും മുൻപേ ഉദ്ദേശം 17 ലക്ഷം രൂപയുടെ ഓർഡറാണ് ഇദ്ദേഹത്തെ തേടി എത്തിയത്. സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളിൽ കഴുത പാൽ ചേർക്കാറുണ്ട്. കഴുതയുടെ പാൽ രുചികരവും വളരെ ചെലവേറിയതും ഔഷധമൂല്യം ഉള്ളതുമാണ്.
കഴുതപ്പാൽ പാക്കറ്റുകളിലാക്കി ജനങ്ങൾക്ക് വിൽക്കാനാണ് ഗൗഡ ആലോചിക്കുന്നത്. 30 മില്ലി പാൽ പാക്കറ്റിന് 150 രൂപ വിലവരും. ഇത് മാളുകൾ, ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവ വഴി വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബിരുദധാരിയായ ഗൗഡ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് 2020ൽ ഇറ ഗ്രാമത്തിലാണ് 2.3 ഏക്കർ സ്ഥലത്ത് ഫാം ആരംഭിച്ചത്. പലപ്പോഴും നിന്ദിക്കപ്പെടുകയും വിലകുറച്ച് കാണുകയും ചെയ്യുന്ന കഴുതയുടെ ദുരവസ്ഥയാണ് തന്നെ പ്രേരിപ്പിച്ചതെന്ന് ഗൗഡ പറയുന്നു. മുൻപ് തുണി അലക്ക് തൊഴിലാളികൾ കഴുതയെ ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോൾ വാഹനങ്ങൾ വന്നതോടെ അവരും കൈയൊഴിഞ്ഞു. കഴുതയ്ക്ക് പുറമേ മുയൽ, അപൂർവ ഇനം കോഴികൾ തുടങ്ങിയവയും ശ്രീനിവാസിന്റെ ഫാമിലുണ്ട്.