
തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെ ജ്ഞാനസമൂഹവുമായി കൂടുതൽ ബന്ധിപ്പിച്ച് വൈജ്ഞാനികകേന്ദ്രമായി വികസിപ്പിക്കാനാവശ്യമായ കർമ്മപദ്ധതി തയാറാക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന ശില്പശാല ജൂണ്‍ 15 ന് ആരംഭിക്കും. ബുധനാഴ്ച രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ ഫിഷറീസ്-സാംസ്‌കാരിക- യുവജനകാര്യവകുപ്പുമന്ത്രി സജിചെറിയാന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ വി കെ പ്രശാന്ത് എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. ഡയറക്ടര്‍ ഡോ പി എസ് ശ്രീകല സമീപനരേഖ അവതരിപ്പിക്കും. സമാപന സമ്മേളനം ജൂണ്‍ 16ന് വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. കെ കെ കൃഷ്ണകുമാറാണ് ശില്പശാലാ ഡയറക്ടര്‍.
അദ്ധ്യാപകർ, എഴുത്തുകാർ, ഗവേഷകർ, തിരഞ്ഞെടുത്ത പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും. ഭാഷാമാനകീകരണം, സംസ്‌കാര പഠനവും ലിംഗപദവീപഠനവും, ഭാഷാശാസ്ത്രം , പ്രകൃതിശാസ്ത്രം, പ്രസിദ്ധീകരണം, സാമൂഹികശാസ്ത്രം, ഭൗതികശാസ്ത്രവും സാങ്കേതിക ശാസ്ത്രവും, വിവര്‍ത്തനം എന്നീ എട്ട് വിഷയമേഖലകളിലെ സെഷനുകളില്‍ വിദഗ്ദ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. രണ്ടുദിവസങ്ങളിലുമായി നാല് വീതം സെഷനുകളാണുള്ളത്. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തുന്ന തിരഞ്ഞെടുത്ത പ്രതിനിധികള്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കും. ഫോണ്‍: 0471-2316306, 9447956162.