
രാജ്യത്ത് പത്തിലൊരാൾക്ക് തൈറോയ്ഡ് ഹോർമോണിന്റെ കുറവുണ്ടെന്ന് കണക്കാക്കുന്നു. തൈറോയ്ഡ് ഗ്രന്ഥി വളർച്ചാ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിലെ ഏറ്റക്കുറച്ചിലുകളാണ് തെറോയ്ഡ് രോഗത്തിലേക്ക് നയിക്കുന്നത്. ശരീരത്തിന്റെ ഭാരം ഇത്തരം രോഗികളിൽ ക്രമാതീതമായി വർദ്ധിക്കുകയും ചെയ്യും. മരുന്നുകൾക്കൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുക എന്നതാണ് തൈറോയ്ഡ് രോഗികൾക്ക് ശരീരഭാരം കുറയ്ക്കാനുള്ള ഉത്തമ രീതി. ഹൈപ്പോതൈറോയിഡിസം ഉള്ള ആളുകൾക്ക് പിന്തുടരാവുന്ന ചില ആരോഗ്യപരമായ ഭക്ഷണരീതികൾ അറിയാം.
ഉപ്പിന്റെ ഉപയോഗം
തൈറോയ്ഡ് ഗ്രന്ഥി ശരിയായി പ്രവർത്തിക്കുന്നതിന് സഹായിക്കുന്ന ധാതുവാണ് അയോഡിൻ. ശരീരത്തിന് ആവശ്യത്തിന് അയോഡിൻ ലഭിക്കുന്നില്ലെങ്കിൽ, അത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കും. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, തൈറോയ്ഡ് രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾ അയഡിന്റെ അളവ് വർദ്ധിപ്പിക്കണം. കടൽ മത്സ്യം, ഉപ്പ് എന്നിവയിൽ അയഡിൻ കാണപ്പെടുന്നു. മത്സ്യവും മുട്ടയും കഴിക്കുന്നതിലൂടെയും അയഡിന്റെ കുറവ് പരിഹരിക്കാനാവും.
മധുരം
തൈറോയ്ഡ് രോഗികൾ മധുരം കുറയ്ക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ആഹാര ശേഷം അൽപ്പം മധുര പലഹാരം കഴിക്കാൻ ആഗ്രഹിക്കുന്നവർ ആ ശീലം ഒഴിവാക്കണം. ബേക്കറി പലഹാരങ്ങൾക്ക് പകരം പഴങ്ങൾ ശീലിക്കാം.
വെള്ളം
ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനാവും. യാത്രയിലും, വീടിന് പുറത്ത് പോകുമ്പോഴും വെള്ളം കൈവശം വയ്ക്കുന്നത് ശീലമാക്കുക.
കുറച്ച് കൂടുതൽ പ്രാവശ്യം കഴിക്കുക
തൈറോയ്ഡ് രോഗം ദഹനവ്യവസ്ഥയെ മന്ദഗതിയിലാക്കുന്നു. അതിനാൽ ദിവസം മൂന്ന് തവണ വലിയ അളവിൽ കഴിക്കുന്നതിന് പകരം അഞ്ച് ആറ് തവണയായി കുറച്ച് വീതം കഴിക്കുക.
വേണം പ്രോട്ടീൻ
ഹൈപ്പോതൈറോയിഡിസം മൂലമുണ്ടാകുന്ന പ്രയാസങ്ങളെ മറികടക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ശീലമാക്കാം. പയർ, മത്സ്യം, മാംസം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് പേശികളെ ശക്തിപ്പെടുത്തും.